റഷ്യൻ പീരങ്കികൾ 113 പള്ളികൾ തകർത്തു; സെലെൻസ്കി
റഷ്യൻ ഷെല്ലാക്രമണത്തിൽ ഇതുവരെ 113 പള്ളികൾ തകർന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികൾ റഷ്യൻ അധിനിവേശത്തിൽ നിലംപൊത്തി. 1991നു ശേഷം നിർമിച്ചവയും തകർന്ന പള്ളികളുടെ പട്ടികയിൽ ഉണ്ടെന്നും സെലെൻസ്കി കൂടിയർത്തു. അതേസമയം കിഴക്കൻ മേഖലയായ സിവീയറോഡോണെസ്റ്റ്സ്ക് നഗരത്തിൽ റഷ്യ കയ്യേറിയതിന്റെ 20% യുക്രൈൻ തിരിച്ചുപിടിച്ചു.
പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തിൽ യുക്രൈൻ സേനയ്ക്ക് കൂടുതൽ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെർസ്കി ഡോണെറ്റ്സ് നദിയിലെ പാലങ്ങൾ ഒന്നൊന്നായി റഷ്യ തകർക്കുകയാണ്. റഷ്യൻ സേനയ്ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് പറഞ്ഞു.
നദിക്കരയിലെ സ്വിയത്തോഗാർസ്കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയിൽ തീർത്ത പുരാതന ഓർത്തഡോക്സ് പള്ളി തീപിടിത്തത്തിൽ നശിച്ചു. ആശ്രമ സമുച്ചയത്തിൽ മുന്നൂറോളം പേർക്ക് അഭയം നൽകിയിട്ടുണ്ടായിരുന്നെന്ന് സാംസ്കാരിക മന്ത്രി ഒലെക്സാണ്ടർ തകാചെൻകോ പറഞ്ഞു. സിവീയറോഡോണെസ്റ്റ്സ്ക് റഷ്യ പിടിച്ചെടുത്താൽ പിന്നെ ലിസിചാൻസ്ക് നഗരം കൂടിയേ ലുഹാൻസ്കിൽ യുക്രൈൻ നിയന്ത്രണത്തിൽ ശേഷിക്കുന്നുള്ളൂ.
Story Highlights: Russian shelling has destroyed 113 churches in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here