വിഡിയോകള്‍ ‘അശ്ലീല’മെന്ന് വ്യാപക പരാതി; ടിക്ടോക് താരത്തെ തടവിലാക്കി ഈജിപ്ത്യന്‍ കോടതി

ഷോര്‍ട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോകില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വിഡിയോ അശ്ലീലമെന്ന് നിരവധി പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ പ്രശസ്ത ടിക്ടോക് താരത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. സോഷ്യല്‍ മിഡിയയില്‍ മോച്ച ഹിജാസി എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെയാണ് ഈജിപ്തിലെ ചൈല്‍ഡ് ജുവനൈല്‍ കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
മാന്യമല്ലാത്ത സ്വന്തം വിഡിയോകള്‍ നിര്‍മിക്കുകയും സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മോച്ചയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. മോച്ചയുടെ ഡാന്‍സ് വിഡിയോകള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരാതിപ്പെട്ടിരുന്നത്.
പെണ്‍കുട്ടിയ്ക്കായി വിഡിയോ ഷൂട്ട് ചെയ്തിരുന്നയാളെ മൂന്ന് വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. അശ്ലീല വിഡിയോ പകര്‍ത്തിയതിന് ഇവര്‍ക്ക് കോടതി 100,000 ഈജിപ്ത്യന്‍ പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്.
മാന്യമല്ലാത്ത സ്വന്തം ഡാന്‍സ് ഷൂട്ട് ചെയ്ത് സോഷ്യല്‍ മിഡിയയിലിട്ട് വരുമാനമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍ വന്നത്. സോഷ്യല്‍ മിഡിയ കണ്ടന്റുകള്‍ വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ വിഡിയോകള്‍ അശ്ലീലമാണെന്ന് വിലയിരുത്തുകയും കണ്ടെത്തലുകള്‍ കോടതിയെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ വിധിയെ നിയമപരമായി തന്നെ നേരിടുമെന്ന് മോച്ച അറിയിച്ചു.
Story Highlights: Egyptian Court Upholds Prison Sentence for Girl Over ‘Obscene’ TikTok Videos