ചികിത്സാ പിഴവ്; നീതി ലഭിക്കാനായി യുവതി വർഷങ്ങളായി നിയമപോരാട്ടത്തിൽ

ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി മരണത്തിൽ നിന്ന് തിരിച്ചെത്തിയ യുവതി നീതി ലഭിക്കാനായി വർഷങ്ങളായി നിയമപോരാട്ടത്തിൽ. മലപ്പുറം മങ്കട സ്വദേശിയായ ജേഷ്മ മണിണ്ഠനാണ് പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് നേരിട്ടത്. സംഭവത്തിൽ ഉപഭോക്തൃ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാസം ഉത്തരവിട്ടെങ്കിലും തുക ലഭിച്ചിട്ടില്ല. (Therapeutic error lady justice)
2013ൽ രണ്ടാമത്തെ പ്രസവം നടന്ന് നാലാം ദിവസം ജേഷ്മ മണികഠന് പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിൽ നിന്ന് കുത്തിവയ്പെടുത്തതിൽ ചികിത്സാ പിഴവ് സംഭവിച്ചെന്നായിരുന്നു പരാതി. കുത്തിവയ്പെടുത്ത് സെക്കൻഡുകൾക്കുളളിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായി. ഒൻപതു ദിവസം സ്വകാര്യാശുപത്രിയിലെ വെൻറിലേറ്ററിലും ഒരാഴ്ച തീവ്ര പരിചരണ വിഭാഗത്തിലും കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വീഴ്ച വരുത്തിയ രണ്ടു നഴ്സുമാരിൽ നിന്നായി 3,95,000 രൂപ നഷ്ടപരിഹാരം ഈടാക്കാനാണ് കഴിഞ്ഞ മാസം ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ കുറ്റാരോപിതർ അപ്പീൽ കൊടുത്തതോടെ തുക മുടങ്ങി. സമയമെടുത്ത് സാവധാനത്തിൽ എടുക്കേണ്ട കുത്തിവയ്പ് അതിവേഗത്തിൽ പൂർത്തിയാക്കിയതാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് ആരോഗ്യ വിജിലൻസിൻറെ റിപ്പോർട്ട്. കഴിഞ്ഞ ഏഴു വർഷമായി ജേഷ്മയും ഭർത്താവ് മണിണ്ഠനും നടത്തുന്ന നിയമ പോരാട്ടം നഷ്ടപരിഹാര തുക ലഭിക്കുന്നതു വരെ തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.
Story Highlights: Therapeutic error lady seeking justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here