ഏഴാം ക്ലാസുകാരൻ ആദർശിന്റെ മൃതശരീരം റീപോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വർഷം

തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരൻ ആദർശിന്റെ മൃതശരീരം റീപോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കാനെന്ന പേരിൽ മൃതശരീര ഭാഗങ്ങൾ എഫ് എസ് എൽ ലാബിലേക്ക് ക്രൈം ബ്രാഞ്ച് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ടെന്നും അന്വേഷണ സംഘം തങ്ങളെ കബളിപ്പിക്കുകയാണെന്നും ആദർശിന്റെ മാതാപിതാക്കൾ പറയുന്നു. അതേസമയം എഫ് എസ് എൽ ലാബിൽ നിന്ന് ഫലം ലഭിക്കാൻ ഇനിയും വൈകുമെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു. ( adarsh re postmortem report pending )
തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആദർശ് വിജയനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയ കേസ് ആറ് മാസങ്ങൾക്ക് ശേഷം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചും സംഭവം കൊലപാതകമാണെന്നതിൽ അടിവരയിട്ടു.
മരണ കാരണം തലക്കേറ്റ ക്ഷതം ആണെന്നതും, മരണശേഷം മൃതശരീരം വെള്ളത്തിൽ ഇട്ടതാണെന്നതും, ആദർശിന്റെ വസ്ത്രത്തിൽ കണ്ട പുരുഷ ബീജവുമാണ് കൊലപാതകം എന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘങ്ങളെ എത്തിച്ചത്. 2012 ൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സംഭവം കൊലപാതകമാണ്, പക്ഷേ പ്രതി ആരാണെന്ന് കണ്ടെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ല. ഇതായിരുന്നു ആ റിപ്പോർട്ടിലെ ഒരു പരാമർശം. പിന്നീടുള്ള ഏഴ് വർഷങ്ങളിൽ ആദർശിന്റെ പിതാവ് വിജയകുമാർ നീതിയ്ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി. ഒടുവിൽ ലോക്‌നാഥ് ബെഹ്‌റ ഡി ജി പി ആയിരിക്കെ റീപോസ്റ്റ്‌മോർട്ടത്തിന് ഉത്തരവിറങ്ങി. 2019 ഒക്ടോബർ 14ന് ക്രൈം ബ്രാഞ്ച് ആദർശിന്റെ കുഴിമാന്തി.
Read Also: മാണ്ഡ്യയില്‍ മലയാളി യുവാവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പക്ഷേ, കൊണ്ടുപോയ മൃതശരീര ഭാഗങ്ങൾ പിന്നീട് എന്തുചെയ്തുവെന്ന് ഈ പിതാവിനറിയില്ല. രണ്ടര വർഷം പിന്നിട്ടിരിക്കുന്നു. അമ്മ ഷീജയ്ക്കും പ്രതീക്ഷകൾ നഷ്ട്ടപെട്ടു.
കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് റീപോസ്റ്റ്‌മോർട്ടം നടത്തിയതെന്നും, എന്നാൽ തങ്ങൾക്ക് ഫോറെൻസിക് സയൻസ് ലാബിൽ നിന്ന് റിസൾട്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.
Story Highlights: adarsh re postmortem report pending
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here