പോക്‌സോ കേസ്; പ്രതി ശശികുമാറിന് ജാമ്യം ലഭിക്കാനുള്ള കാരണങ്ങൾ എണ്ണി പറഞ്ഞ് അഭിഭാഷകൻ

മലപ്പുറത്തെ പോക്‌സോ കേസിൽ പ്രതി ശശികുമാറിന് ജാമ്യം ലഭിക്കാനുള്ള കാരണങ്ങൾ എണ്ണി പറഞ്ഞ് അഭിഭാഷകൻ. ‘ഏതോ കാലത്ത് നടന്ന സംഭവമാണ് പരാതിക്കാധാരം. 36 വർഷത്തെ സർവീസ് കഴിഞ്ഞ ശേഷമാണ് ഈ വ്യക്തിക്കെതിരെ പരാതി വരുന്നത്. പരാതി രീഷ്ട്രീയ പ്രേരിതമാണോയെന്ന് സംശയിക്കാം’- അഭിഭാഷകൻ പറയുന്നു. ( lawyer about pocso sasikumar bail )
കുട്ടികളെന്ന പ്രായം മുതലെടുത്ത് കെ വി ശശികുമാർ ചെയ്ത ക്രൂരതകൾ പുറത്തുവന്നത് പൂർവ്വവിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ്. 36 വർഷത്തെ അധ്യാപന ജീവിതത്തിൽ അൻപതിലേറെ വിദ്യാർത്ഥികളെയാണ് ശശികുമാർ ലൈംഗിക പീഡിപ്പിച്ചത്. പലരും ഭീഷണിയും ഭയവും മൂലം പുറത്തുപറഞ്ഞില്ല. ആരോപണം ഉയർന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു. ഒടുവിൽ ഒളിവിൽ പോയ ഇയാളെ ബത്തേരിയിൽ നിന്ന് പൊലീസ് പിടികൂടി.
മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ ജോലിക്കിടെ അധ്യാപകൻ എന്ന പദവി ദുരുപയോഗം ചെയ്ത് കെ വി ശശികുമാർ ചെയ്ത ക്രൂരതകൾ വിശദീകരിച്ചുകൊണ്ടാണ് പൂർവവിദ്യാർത്ഥികൾ രംഗത്തെത്തിയത്. വിരമിച്ച ശേഷം അധ്യാപന ജീവിതവുമായി ബന്ധപ്പെട്ട് ഇയാൾ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റാണ് കേസെടുക്കുന്നതിലേക്ക് എത്തിയ നടപടികളുടെ തുടക്കം. ഈ പോസ്റ്റിന് താഴെ നിരവധി പൂർവ വിദ്യാർത്ഥിനികൾ പീഡന ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.
ആരോപണങ്ങളും സോഷ്യൽ മീഡിയ ഇടപെടലുകളും ശക്തമായതോടെ പീഡനത്തിനിരയായ പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാർട്ടി പുറത്താക്കി.
പീഡനം സംബന്ധിച്ച് അന്വേഷണത്തിനിടെ സെന്റ് ജെമ്മാസ് സ്‌കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്‌കറും ഇതിനിടെ രംഗത്തെത്തി. ശശികുമാറിനെതിരെ നേരത്തേ വിദ്യാർഥികൾ നൽകിയ പരാതികൾ സ്‌കൂൾ അധികൃതർ മുഖവിലക്കെടുത്തില്ലെന്നായിരുന്നു ആരോപണം.
സ്‌കൂൾ, കോളജ് എന്നിവിടങ്ങളിലെ റാഗിങ് സംബന്ധിച്ച പരാതികൾപോലും പരിശോധിച്ച് പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പൊലീസിന് കൈമാറാതെ ഒതുക്കിയെന്നും അത് ഗുരുതര കുറ്റമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, വനിതാ ലീഗ് പ്രവർത്തകരടക്കം ശശികുമാറിനെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്.
Story Highlights: lawyer about pocso sasikumar bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here