എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തില്‍; അക്ബര്‍ റോഡിൽ നിരോധനാജ്ഞ

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡൽഹി പൊലീസ്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
ഡൽഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം.
എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ കോൺഗ്രസ് ആഗ്രഹിക്കാത്തതിനാലാണ് രാഹുൽ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ തുടരുന്നത് വരെ കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.
ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതിനിടെ, രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ഡൽഹിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ.
Story Highlights: curfew in aicc office surrounding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here