Uppum Mulakum വീണ്ടും കുടുംബ സദസുകളിലേക്ക്: സീസൺ 2 ഇന്നുമുതൽ
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപരമ്പര ഉപ്പും മുളകും (Uppum Mulakum) ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാലുവും നീലുവും മുടിയനുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രാത്രി 7.30നാണ് ഉപ്പും മുളകും വീണ്ടും കുടുംബപ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക് എത്തുന്നത്.
ലോക ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ഉപ്പും മുളകും കുടുംബം വർഷങ്ങളോളം ജൈത്രയാത്ര തുടർന്നിരുന്നു. രണ്ടാം വരവിലും മാറ്റങ്ങൾ കുട്ടികളിൽ മാത്രമാണ്. അമേയ എന്ന പാറുക്കുട്ടി ജനിച്ച് നാലാംമാസം മുതൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ്. അന്ന് പ്രേക്ഷക ഹൃദയങ്ങളിൽ കുഞ്ഞു കുറുമ്പുകളിലൂടെ ഹൃദയം കവർന്ന പാറുക്കുട്ടി ഇന്ന് ഡയലോഗുകൾ പറയുന്ന, സീനുകൾക്ക് അനുസരിച്ച് അഭിനയിക്കുന്ന ഒരു കുഞ്ഞുതാരമാണ്. ശിവാനിയും കേശുവുമെല്ലാം വലിയ കുട്ടികളായി. ജൂഹി വീണ്ടും ലെച്ചുവായി മടങ്ങി വരുന്നു. ഒപ്പം മുടിയനുമുണ്ട്.
2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. അന്നും ഇന്നും ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും.
പിന്നീട് പാറമട വീടും, ബാലുവും നീലുവും കുട്ടികളുമെല്ലാം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു.
2016ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം പര്‌നപരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യാഭിനേത്രിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു.
Story Highlights: Uppum Mulakum season 2 starting from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here