ഗാന്ധി പ്രതിമയുടെ തല വെട്ടി; സി.പി.ഐ.എമ്മുകാരും ഗോഡ്‌സെയും തമ്മിൽ എന്താണ് വ്യത്യാസം: കെ മുരളീധരൻ
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല സി.പി.ഐ.എമ്മുകാർ വെട്ടി മാറ്റിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയും ഇവരും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ സി.പി.ഐ. എം ആർ.എസ്.എസിന് തുല്യമാണ്. രാഷ്ട്രപിതാവിന്റെ തലയറുത്തവർക്ക് കേരളം മാപ്പ് നൽകില്ലെന്നും കെ മുരളീധരൻ വിമർശിച്ചു.
മുഖ്യമന്ത്രിയെ പാർട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് ഏറ്റവും വലിയ തെളിവാണിത്.വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല.പ്രതിഷേധിച്ച പ്രവർത്തകരെ വിമാനത്തിനകത്ത് ഇ.പി.ജയരാജൻ ചവിട്ടി. അവർ മദ്യപിച്ചിട്ടുണ്ടെന്ന് പച്ചക്കള്ളം വിളിച്ചു പറഞ്ഞു. ഒടുവിൽ വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
മദ്യപിച്ച് സമരം ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ സംസ്കാരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അപകീർത്തിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത ജയരാജനെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരള പൊലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല.കേന്ദ്ര ആദ്യന്തര മന്ത്രാലയം – സിവിൽ ഏവിയേഷൻ എന്നിവർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാർട്ടി സംരക്ഷിക്കും.തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ് ഞങ്ങൾ. നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണ്. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല.അടിച്ചാൽ അതേനാണയത്തിൽ പ്രതിരോധിക്കുമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights: What is the difference between CPI (M) and Godse: K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here