നയന്‍താരയുടെ ചിത്രത്തിന് ഡോക്ടറുടെ മോശം കമന്റ്; രൂക്ഷഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയ്

നയന്‍താരയുടെയും വിഘ്നേഷിന്റെയും ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയ്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടത്. ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയത്. ഡോക്ടറായ ഒരാൾ തന്നെ സ്ത്രീവിരുദ്ധമായ കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ വേദനയുണ്ടെന്ന് ചിന്മയ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നു.
നടിയെന്ന നിലയ്ക്കുള്ള നയന്‍താരയുടെ കഴിവിൽ എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം ശരിയല്ല. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കും. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിനായി ഐവിഎഫ് സെന്ററുകള്‍ നയന്‍താരയെ സഹായിക്കേണ്ടി വരും. – ഇതായിരുന്നു നയൻതാരയുടെ ചിത്രത്തിന് താഴെയുള്ള ഡോക്ടര്‍ അറിവന്‍പന്‍ തിരുവല്ലവന്റെ കമന്റ്.
ഡോക്ടറുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉൾപ്പടെയാണ് ചിന്മയ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘നമ്മള്‍ മെഡിക്കല്‍ കോളജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ സംസാരിക്കുന്നു. അതിനിടയിലാണ് ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു. ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന സ്ത്രീഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം കൊടുക്കണം’ – ചിന്മയ് രൂക്ഷഭാഷയിൽ വിമർശിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ഡോക്ടര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സഹപ്രവർത്തകരായ സ്ത്രീ ഡോക്ടര്‍മാരോടും നയന്‍താര ഫാന്‍സിനോടും ഡോക്ടര്‍ മാപ്പ് പറഞ്ഞു.
Story Highlights: Doctor’s bad comment on Nayanthara’s picture; Singer Chinmayi criticizes in harsh language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here