Advertisement

വിവാദങ്ങൾ അവസാനിപ്പിക്കണം, പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശന വിലക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍

June 16, 2022
Google News 2 minutes Read
radhakrishnan

കേരളത്തിൽ പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശിക്കുന്നതിനും സര്‍വ്വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത്തരം സര്‍വ്വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്.

പട്ടികവര്‍ഗ്ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത പലരും ഇവര്‍ക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്-മദ്യപ സംഘങ്ങളിലേക്ക് ആദിവാസി യുവാക്കളെ പലവിധ പ്രലോഭനങ്ങളും നല്‍കി വീഴ്ത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്. മാത്രമല്ല പ്രണയം നടിച്ചും മറ്റും വലയിലാക്കപ്പെട്ട നിരവധി ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുമുണ്ട്. അവിവാഹിതരായ അമ്മമാരും ഇവര്‍ക്കിടയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ആദിവാസി സംഘടനകളുടെ നിവേദനവും പൊലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോളനി സന്ദര്‍ശനത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Read Also: പട്ടികവര്‍ഗ വകുപ്പിന്റെ 17 സ്‌കൂളില്‍ 16 ഇടത്തും നൂറു ശതമാനം വിജയം; അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

ആദിവാസികളെ കബളിപ്പിച്ച് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്ത വിവിധ സംഭവങ്ങളുമുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ ഇത്തരക്കാരുടെ സ്വൈര വിഹാരത്തിന് തടസ്സമാകും. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഈ സര്‍ക്കുലറിന്റെ പേരില്‍ ആദിവാസികള്‍ക്കിടയില്‍ കുപ്രചാരണം നടത്തിവരുന്നത്. ആദിവാസികളുടെ സ്വത്തും ഭൂമിയും ആരോഗ്യവും സംരക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദിവാസി ജനതയ്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും ശാക്തീകരണവും നല്‍കി സാമൂഹ്യ പുരോഗതിയിലേക്ക് സര്‍ക്കാര്‍ അവരെ കൈപിടിച്ച് ഉയര്‍ത്തുകയാണ്. ഇതൊക്കെ കണ്ട് വിറളി പിടിച്ചവരാണ് ആദിവാസികളെ തെറ്റിധരിപ്പിച്ച് പ്രചാരണം നടത്തുന്നത്. ഊരു മൂപ്പന്മാരെയടക്കം തെറ്റിധരിപ്പിച്ചാണ് പുറമേനിന്നുള്ള ചിലര്‍ പട്ടികവര്‍ഗ്ഗ മേഖലകളില്‍ നുഴഞ്ഞുകയറിയിട്ടുള്ളത്. ആദിവാസികളുടെ ഉന്നമനമല്ല ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ആദിവാസി ക്ഷേമത്തിനായി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ലെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ മൂലം ആദിവാസി ജനതയുടെ മൗലികാവകാശം ലംഘനം ഒരിക്കലും ഉണ്ടാകില്ല. മറിച്ച് അവര്‍ക്ക് ഏറെ സുരക്ഷയാണ് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Story Highlights: No entry ban on ST areas: Minister K Radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here