സ്വപ്‍ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ല; പി രാജീവ്

സ്വപ്‍ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്‍ന സുരേഷിന്റെ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് ആരോപിച്ചു.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി.ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.
‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്’ ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കിരുന്നു.
അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം ഉന്നയിച്ചു. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്‍ന വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ കൊണ്ടുവെന്നുവെന്നും സ്വപ്‍ന ആരോപിക്കുന്നു. രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന ഇക്കാര്യങ്ങള്‍ പറയുന്നത്.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകൾക്ക് സമാനം; മന്ത്രി പി. രാജീവ്
ഇതിനിടെ സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി മുൻ സ്‌പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണന്‍ രംഗത്തുവന്നു. സ്വപ്‌ന പറയുന്നത് ശുദ്ധഅസംബന്ധമാണ്. ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍, ശൂന്യതയില്‍ നിന്ന് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
Story Highlights: P Rajeev On Swapna Suresh’s allegations about Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here