Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (16-06-22)

June 16, 2022
Google News 1 minute Read

നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ല; നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയുടെ മൊഴി വിവരങ്ങൾ പുറത്ത്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സി സി ട്രഷററായിരുന്നു മോത്തിലാൽ വോറയാണെന്ന് രാഹുൽ വ്യക്തമാക്കി. നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും രാഹുൽ മൊഴി നൽകി. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. അതേസമയം ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്നും കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരും.

ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, കൈക്കൂലിയായി ബാഗ് നിറയെ പണം; സ്വപ്‍ന സുരേഷ്

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന്
പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്‍ന വ്യക്തമാക്കി.

ശരദ് പവാർ വരുമോ?; രാഷ്ട്രപതി സ്ഥാനാർത്ഥി ചർച്ചകൾ സജീവം

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാകാൻ ശരദ് പവാറിന് മേൽ സമ്മർദ്ദം ശക്തം. ചർച്ച സജീവമാക്കിയിരിക്കുയാണ് എൻഡി എ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജെഡിയു- ബിജെഡി പ്രതിനിധികളുമായി ചർച്ച നടത്തി. രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. അതേസമയം പതിനൊന്ന് പേരാണ് ആദ്യദിനം നാമനിർദേശ പട്ടിക നൽകിയത്.

വിമാനത്തിനുള്ളിലെ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെതന്നെ; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്ക് നേരെയെന്ന് സ്ഥിരീകരണം. പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴെന്ന് ഇൻഡിഗോ എയർലൈൻസ്
വ്യക്തമാക്കി. വിമാനക്കമ്പിനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.

സംസ്ഥാനത്ത് സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; യോഗം ഇന്ന്

സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗത്തിൽ പരിഷ്‌കരണ രൂപരേഖ ചർച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും വ്യത്യസ്തമായിരിക്കും സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണം. (curriculum modification kerala meeting)

തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർത്ഥിക്ക് മർദനം

തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർത്ഥിക്ക് മർദനം. പട്ടം സെൻ്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ജെ ഡാനിയേലിനാണ് മർദമനേറ്റത്. ഉള്ളൂർ സ്വദേശിയായ ഡാനിയേൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബസിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർത്ഥികൾ ഡാനിയേലിനെ മർദിക്കുകയായിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന; 12,213 പേർക്ക് രോഗബാധ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 12000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 മരണം കൂടി റിപ്പോർട്ട് ചെയ്തു. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ പതിനായിരം കടക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാർ സ്ഥിരമായി വിളിച്ച നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ സംഘം തേടി. കാവ്യാ മാധവൻ ഈ നമ്പർ ഉപയോഗിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. അകൗണ്ട് ഇടപാടുകൾ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു.

കെപിസിസി നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കിയും ഗ്രാനേഡും പ്രയോഗിച്ചു

രാഹുൽ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രാനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here