Advertisement

2022 ലോകകപ്പ് തോൽവിയോടെയാണ് വിരമിക്കാൻ തീരുമാനമെടുത്തത്: മിതാലി രാജ്

June 17, 2022
Google News 2 minutes Read
mithali raj retirement response

2022 ലോകകപ്പിൽ പരാജയപ്പെട്ടതോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്ന് മുൻ ഇന്ത്യൻ താരം മിതാലി രാജ്. 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് താൻ ആദ്യമായി ഇതേപ്പറ്റി ചിന്തിച്ചത്. താൻ വൈകാരികമായി തീരുമാനങ്ങൾ എടുക്കാറില്ലെന്നും പാഷൻ കുറവ് വന്നതിനാലാണ് തീരുമാനം എടുത്തതെന്നും മിതാലി രാജ് വ്യക്തമാക്കി. (mithali raj retirement response)

‘സത്യം പറഞ്ഞാൽ, 2012ൽ രാഹുൽ ദ്രാവിഡ് വിരമിച്ച സമയത്താണ് വിരമിക്കലിനെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചത്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനം കണ്ടപ്പോൾ അദ്ദേഹം വളരെ വികാരാധീനനായിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ വിരമിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ആ വികാരം എനിക്ക് അനുഭവപ്പെടുമോ എന്നായിരുന്നു. അതിനു ശേഷം മറ്റ് ചില വിരമിക്കൽ പ്രഖ്യാപനങ്ങളും കണ്ടു. പക്ഷേ, വിരമിക്കലിനെ അത്ര വൈകാരികമായി എടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. 2022ലെ ലോകകപ്പോടെ ഞാൻ വിരമിക്കുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നു. എന്നാൽ വൈകാരികത കൂടിനിൽക്കുമ്പോൾ ഞാൻ തീരുമാനങ്ങൾ എടുക്കാറില്ല. പിന്നീട് ആഭ്യന്തര ടി-20 മത്സരങ്ങൾ കളിക്കുമ്പോൾ തന്നെ എന്റെ ഉള്ളിലെ ക്രിക്കറ്റ് പാഷന് കുറവ് വരുന്നതായി എനിക്ക് മനസിലായി. എന്റെ സമയമായെന്നും ഞാൻ മനസിലാക്കി.’- മിതാലി പറഞ്ഞു.

Read Also: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മിശിഹ; മിതാലി രാജ് ബാക്കിയാക്കുന്നത്

ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

1996ൽ 16ാം വയസിലാണ് മിതാലി ഇന്ത്യൻ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസും മിതാലി നേടി.

ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലിയുടെ സമ്പാദ്യം. ഏകദിന റൺവേട്ടയിൽ ലോക താരങ്ങളിൽ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

Story Highlights: mithali raj retirement response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here