ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മിശിഹ; മിതാലി രാജ് ബാക്കിയാക്കുന്നത്

“വനിതാ ക്രിക്കറ്റ് എന്നാൽ എന്തുവാ, കുറേ പെമ്പിള്ളേർ ബാറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും വീശുന്നു. കൊണ്ടാക്കൊണ്ട്. ഇല്ലേലില്ല. എന്നാ ബോറിംഗാ. ഏകദിനം ടെസ്റ്റ് പോലെ. എന്നാ ഇവർക്ക് ടെസ്റ്റ് കളിക്കാമ്മേലേ. ഹാഹാഹാ” (mithali raj womens cricket)
പുരുഷൻ എന്ന പ്രിവിലേജിനു മുകളിൽ കസേരയിട്ട് വനിതാ ക്രിക്കറ്റിനെതിരെ അന്തമില്ലാതെ തൊടുത്തുവിടുന്ന വിമർശന ശരങ്ങളുടെ പൊതുസ്വഭാവം ഇത്രത്തോളമുണ്ടാവും. ‘പെണ്ണുങ്ങൾ അടങ്ങിയിരിക്കണ്ടേ?’, ‘അടക്കവും ഒതുക്കവുമില്ലാത്ത പെണ്ണുങ്ങൾ’ തുടങ്ങിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മാറ്റിനിർത്തിയതിനു ശേഷമുള്ള പ്രകടനങ്ങളാണിത്. അങ്ങനെയൊരു സമൂഹത്തിനു മുന്നിലേക്കാണ് മിതാലി ദൊരൈ രാജ് എന്ന രാജസ്ഥാൻ സ്വദേശിനി ക്രിക്കറ്റ് ബാറ്റ് പിടിച്ചുകൊണ്ടെത്തുന്നത്. പ്രൊഫഷണൽ ഭരതനാട്യം കലാകാരിയായ മിതാലി ‘സ്ത്രീത്വം’ വിളങ്ങുന്ന കല വിട്ട് ക്രിക്കറ്റ് എന്ന മാസ്കുലിൻ ഗെയിമിലേക്കെത്തുമ്പോൾ അത് ഇന്ത്യൻ പൊതുബോധത്തിൻ്റെ മുഖമടച്ച് കിട്ടിയ ആട്ടായിരുന്നു.
10ആം വയസിൽ ക്രിക്കറ്റ് മൈതാനത്തേക്കിറങ്ങിയ മിതാലി വെറും നാല് വർഷങ്ങൾക്ക് ശേഷം ദേശീയ സെലക്ടർമാരുടെ റഡാറിൽ ഉൾപ്പെട്ടു. 1997 വനിതാ ലോകകപ്പിൻ്റെ സാധ്യതാ പട്ടികയിൽ 14കാരിയായ മിതാലി ഇടം നേടിയെങ്കിലും അവസാന പട്ടികയിൽ ഉൾപ്പെട്ടില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ തന്നെക്കാൾ ഇരട്ടി പ്രായവും എക്സ്പീരിയൻസുമുള്ള ബൗളർമാരെ ഫ്രണ്ട് ഫൂട്ടിലും ബാക്ക്‌ഫൂട്ടിലും അനായാസം ബൗണ്ടറിയിലേക്കയക്കുന്ന മിതാലിയെ ഒരുപാട് കാലം മാറ്റിനിർത്താൻ സെലക്ടർമാർക്ക് കഴിഞ്ഞില്ല. എയർ ഇന്ത്യയിൽ പൂർണിമ റാവു, അഞ്ജും ചോപ്ര, അഞ്ജു ജെയിൻ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം കളി തുടങ്ങിയ മിതാലി അവരെ കവച്ചുവെക്കുന്ന പ്രകടനങ്ങൾ തുടരെ നടത്തിയത് ഒരു വിളംബരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ റെയിൽവേയ്സിൻ്റെ താരമായിരുന്ന മിതാലി അവിടെയും മികച്ച പ്രകടനം തുടർന്നപ്പോൾ 1999ൽ അവർക്കു മുന്നിൽ ഇന്ത്യൻ ടീമിൻ്റെ വാതിൽ തുറക്കപ്പെട്ടു.
Read Also: മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
വെറും 16ആം വയസിൽ, 1999 ജൂൺ 26ന് അയർലൻഡിനെതിരെയാണ് മിതാലി ആദ്യം ദേശീയ ടീമിൻ്റെ പാഡണിഞ്ഞത്. 114 റൺസ് നേടി നോട്ടൗട്ടായി നിന്ന മിതാലി മറ്റൊരു പുതുമുഖമായ രേഷ്മ ഗാന്ധിക്കൊപ്പം (104) 258 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ട് ഉയർത്തി രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തുവച്ചു. അതൊരു തുടക്കമായിരുന്നു. ഭരതനാട്യത്തിൽ നിന്ന് കിട്ടിയ നിംബിൾ ഫൂട്ടുകളിൽ, അസാധാരണ പദചലനങ്ങളുമായി മിതാലി രാജ് വനിതാ ക്രിക്കറ്റിൻ്റെ അവസാന വാക്കായി.
അരങ്ങേറി മൂന്ന് വർഷങ്ങൾക്കു ശേഷം, 19ആം വയസിൽ ഇംഗ്ലണ്ടിനെതിരെ മിതാലി കളിച്ച ഒരു ടെസ്റ്റ് ഇന്നിംഗ്സുണ്ടായിരുന്നു. 329 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനു മറുപടിയായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മിതാലി ഒരു മഹാമേരുവിനെപ്പോലെ നിലകൊണ്ടു. അന്ന് 214 റൺസടിച്ചുകൂട്ടി അവർ തകർത്തത് വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 209 നോട്ടൗട്ടാണ്. 2 വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ അഞ്ജും ചോപ്രയ്ക്കൊപ്പം ചേർന്ന് മിതാലി രക്ഷപ്പെടുത്തിയെടുത്തി. ഹേമലതയും ഝുലൻ ഗോസ്വാമിയും ഫിഫ്റ്റി നേടിയപ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വമ്പൻ ലീഡ് നേടി.
കാൽ പതിറ്റാണ്ടോളം നീണ്ടുനിന്ന ബ്രഹത്തായ കരിയറിൽ മിതാലി ഇന്ത്യൻ ബാറ്റിംഗിൻ്റെ നെടുന്തൂണായി നിലകൊണ്ടു. തുടക്കകാലത്ത്, ഇന്ത്യൻ ക്രിക്കറ്റെന്നാൽ മിതാലി മാത്രമായിരുന്നു. പിന്നീട് മിതാലിയെക്കണ്ട് നിരവധി പെൺകുട്ടികൾ ബാറ്റും പന്തും കയ്യിലെടുത്ത് മൈതാനങ്ങളിലിറങ്ങി. ക്രിക്കറ്റർ എന്ന നിലയിൽ മിതാലി രാജ് ഒരു ഇതിഹാസമെന്നതിലുപരി ഒരു ടോർച്ച് ബെയററാണ്. മിതാലി തെളിച്ച വഴിയിലൂടെയാണ് സ്മൃതി മന്ദനയും ജമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ശിഖ പാണ്ഡെയുമൊക്കെ നടന്നത്.
2017 ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 64. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിലെ 109, 2012ൽ, ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 94 നോട്ടൗട്ട്… നിർണായകമായ ഒട്ടേറെ ഇന്നിംഗ്സുകൾ. 2017 ലോകകപ്പ് ഫൈനലിൽ, ബാറ്റ് ചെയ്യാൻ കാത്തിരിക്കവെ റൂമിയെ വായിച്ച് ഡഗൗട്ടിലിരിക്കുന്ന മിതാലിയുടെ ഇമേജ് തന്നെയാണ് അവരുടെ ഗ്രേറ്റ്നസ്. കൂൾ, കാം, കംപോസ്ഡ്, സ്വാഗ്!
അങ്ങേയറ്റം അഡാപ്ഷനും ഫിറ്റ്നസും വേണ്ട ഒരു ഫിസിക്കൽ ഗെയിമിൽ, പുരുഷന്മാർക്ക് വേണ്ടി തുടങ്ങിയ ഗെയിമിൽ ഒരു സ്ത്രീ ഉന്നതിയിൽ നിലകൊണ്ടത് ഏതാണ്ട് 23 വർഷമാണ്. നീണ്ട 23 വർഷങ്ങൾ!
Story Highlights: mithali raj womens cricket story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here