Advertisement

പറഞ്ഞുവച്ചതാകെ സ്‌നേഹത്തിന്റെ രാഷ്ട്രീയം; രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാള്‍

June 19, 2022
1 minute Read
rahul gandhi birthday
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

52ന്റെ പിറന്നാള്‍ നിറവിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍, നിശിത വിമര്‍ശനത്തിനൊടുവില്‍ നടന്നെത്തി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുല്‍.. വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് തന്റേതെന്ന് പറയാതെ പറഞ്ഞ നേതാവ്. പ്രകടന രാഷ്ട്രീയമെന്ന് തോന്നുമെങ്കിലും അതിനപ്പുറം മാനം ഉണ്ട് രാഹുലിന്റെ ആ കെട്ടി പിടുത്തത്തിന്.( rahul gandhi birthday)


വലിയ തോല്‍വികളില്‍ മുറിയടച്ച് വീട്ടിലിരുന്ന രാഹുലിനെയും കണ്ടിട്ടുണ്ട്. എഐസിസി അധ്യക്ഷസ്ഥാനം ഇട്ടെറിഞ്ഞ് പോയത് അത്തരമൊരു വാശിക്ക് പുറത്താണ്. ആ ഒരു പിടിവാശി, ശാഠ്യം ഇപ്പോഴും തുടരുന്നു. പാര്‍ട്ടിക്കാവശ്യമുളളപ്പോള്‍ രാഹുല്‍ വിദേശത്തേയ്ക്ക് പറക്കുമെന്ന് എതിരാളികള്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും പറയാറുണ്ട്. അതും, ഒരു രാഹുല്‍ സ്‌റ്റൈലാണ്. നോട്ടു നിരോധന കാലത്ത് സാധാരണ പൗരനെ പോലെ പണമെടുക്കാന്‍ ബാങ്കില്‍ പോയി ക്യൂ നിന്നു. നോട്ടു നിരോധനത്തിന്റെ പിന്നില്‍ എന്താണെന്ന് രാജ്യത്തോട് വിളിച്ചു പറയുകയും ചെയ്തു.

ഹത്രാസ് സമരകാലത്തും, മുസഫര്‍നഗര്‍ കലാപ കാലത്തും, ലഖിംപുര്‍ഖേരി കൊലപാതക കാലത്തും കണ്ണീരൊപ്പാന്‍ രാഹുലും പ്രിയങ്കയും യാത്രകള്‍ നടത്തി. പൊലീസ് തടഞ്ഞിട്ടും ബൈക്കിന് പിന്നില്‍ കയറിയും കാല്‍നടയായും ദുരന്തമുഖത്തെത്തിയ രാഹുല്‍ ഗാന്ധി ആശ്വാസമാകുന്നതും എത്രയോ വട്ടം കണ്ടു. അധികാരമില്ലെങ്കിലും ഇപ്പോഴും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ പുറത്ത് ആര്‍ത്തലച്ച ആള്‍ക്കൂട്ടം രാഹുലിന്റെ ജനകീയത അടിവരയിടുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല വിദേശ സര്‍വ്വകലാശാലകളിലും ചുറുചുറുക്കോടെ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ പലകുറി കണ്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മകനെ പോലെ, സഹോദരനെ പോലെ ഒക്കെയാണ് ആള്‍ക്കൂട്ടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സാമീപ്യം. ഭാഷ പോലും അറിയില്ലെങ്കിലും രാഹുലിനെ ചേര്‍ത്തുപിടിക്കുന്ന എത്രയോ ആളുകളെ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ കണ്ടു. കുഞ്ഞുങ്ങളെ കൈവീശി കാണിച്ചും,വയോധികര്‍ക്ക് കൈകൊടുത്തും രാഹുല്‍ നിറഞ്ഞുനില്‍ക്കുന്നതും കണ്ടു. അപ്രതീക്ഷിതമായി വഴിയരികിലെ ചായക്കടയില്‍ കയറി ചായ കുടിച്ചും ആളുകളോട് കുശലം പറഞ്ഞും അവരില്‍ ഒരാളാകാന്‍ അധിക സമയമൊന്നും വേണ്ട രാഹുല്‍ ഗാന്ധിക്ക്. തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ വില്ലേജ് കുക്കിംഗ് വ്‌ലോഗേഴ്‌സിനൊപ്പം ഭക്ഷണം പാകം ചെയ്തും വാര്‍ത്തകളില്‍ നിറഞ്ഞു.

Read Also: ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധി, ബെല്ലാരിയില്‍ സോണിയ, വയനാട്ടില്‍ രാഹുല്‍; ദക്ഷിണേന്ത്യ ലക്ഷ്യം വച്ച് നെഹ്‌റു കുടുംബം

രാഹുല്‍ ഗാന്ധിയെകാള്‍ ആറ് വയസിന് മൂത്തതാണ് അമിത് ഷാ. 52വയസുളള രാഹുലിന്റെ മുന്നിലുളള പ്രധാനവെല്ലുവിളി അമ്പത്തിയേഴുകാരനായ അമിത് ഷായുടെ പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസിനെ സജ്ജമാക്കുകയെന്നതാണ്. ഇപ്പോള്‍ കുറച്ച് ദുര്‍ബലമെങ്കിലും കോണ്‍ഗ്രസ് പ്രതാപകാലം വീണ്ടെടുക്കുമോയെന്ന് കണ്ടറിയാം. കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ അത് രാഹുലെന്ന 52കാരന്റെ ജയം കൂടിയാകും.

Story Highlights: rahul gandhi birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement