ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനമില്ല, വാർത്ത വ്യാജമെന്ന് മന്ത്രി സജി ചെറിയാന്‍

അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ( no ban on traditional boats during the trolling ban )
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ മത്സ്യബന്ധനത്തിനായി ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
Read Also: മലയാളഭാഷാ പഠനം വ്യക്തിത്വവികാസത്തിന്റെ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന്‍
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന കാലയളവ് കേരളത്തില്‍ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാല്‍ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങള്‍ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വന്‍തോതില്‍ പിടിച്ച് നശിപ്പിക്കുന്നത് കടല്‍മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാല്‍ അത്തരം തെറ്റായ മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Story Highlights: no ban on traditional boats during the trolling ban; Minister saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here