എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി. ബെൽറാം

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ നിശബ്ദ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബെൽറാം. കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐക്കാരെ ട്രോളിക്കൊണ്ടാണ് കുരങ്ങുകൾ കെട്ടിടത്തിൽ കയറുന്ന ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. എസ്എഫ്ഐ നടപടിയോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ( Silent Facebook post against SFI by VT Balram )
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: എസ്.എഫ്.ഐ മാർച്ച് അനുവാദമില്ലാതെ നടന്നത്, കർശന നടപടിയുണ്ടാകുമെന്ന് വി.പി സാനു
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവുമെത്തി. അനുവാദം ഇല്ലാതെയാണ് ഇന്നലെ എസ്എഫ്ഐ മാർച്ച് നടത്തിയത്. തെറ്റുകാർക്ക് എതിരെ കർശന നടപടിയുണ്ടാകും. പാർട്ടി നേതൃത്വത്തോട് എസ്.എഫ്.ഐ കാര്യങ്ങൾ വിശദീകരിക്കും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീക്കൊപ്പം എ.കെ.ജി സെന്ററിൽ എത്തിയപ്പോഴായിരുന്നു വി.പി സാനുവിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. പൊലീസിന് മാർച്ചിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ക്വട്ടേഷൻ എസ്എഫ്ഐ ഏറ്റെടുത്തു. ബഫർ സോണും എസ്എഫ്ഐയും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യങ്ങൾ സിപിഐഎം ചെയ്യുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Silent Facebook post against SFI by VT Balram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here