Advertisement

‘സ്യൂഡോമോഗ്രസ് സുധി’, മലയാളിയുടെ പേരിൽ പുതിയൊരിനം ചിലന്തി

June 25, 2022
Google News 2 minutes Read

രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര് നൽകി. ‘സ്യൂഡോമോഗ്രസ് സുധി(pseudomogrus sudhi)’ എന്നാണ് ചിലന്തിയുടെ പേര്. ചിലന്തി ഗവേഷകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. എ വി സുധികുമാറിന്റെ പേരാണ് ഇതിന് നൽകിയത്. ഡോ സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്‌ക്ക്‌ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ്‌ നടപടി.

“2000ൽ ആരംഭിച്ച പഠനം 22 വർഷം പിന്നിടുന്നു… സാധാരണ, ആളുകളുടെ പേര് നൽകുന്നത് അപൂർവമാണ്. എൻ്റെ പേരിൽ ഒരു പുതിയ ഇനം ചിലന്തിയെ കണ്ടെത്തുക, അത് ലോകം അറിയുക എന്നതിൽ വളരെ സന്തോഷം. അംഗീകാരം നൽകിയതിൽ നന്ദിയുണ്ട്” – ഡോ. എ വി സുധികുമാർ 24നോട് പറഞ്ഞു. വിവിധ ശാസ്‌ത്ര മാസികകളിലായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സുധികുമാര്‍ കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച “കേരളത്തിലെ ചിലന്തികള്‍” എന്ന പുസ്‌തകത്തിന്റെ രചയിതാവ്‌ കൂടിയാണ്‌.

35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിലന്തി വൈവിധ്യ ഗവേഷണ പദ്ധതികളുടെ മുഖ്യ ഗവേഷകനായ ഡോ. സുധികുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രത്തിൽ 15 വിദ്യാർത്ഥികളാണ് കേരളത്തിലെ ചിലന്തികളുടെയും, തേരട്ടകളുടെയും, ഉറുമ്പുകളുടെയും വൈവിധ്യത്തെക്കുറിച്ച് ഇപ്പോൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ദിമിത്രി ലുഗനോവിന്‍റെ (Dmitri Logunov) നേതൃത്വത്തിൽ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ്ബാലകൃഷ്ണത്രിപാഠിയും (Rishikesh Balkrishna Tripathi) ആശിഷ്കുമാർജൻഗിദും (Ashish Kumar Jangid) ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം 4 മില്ലി മീറ്റർ മാത്രമാണ്. മരുഭൂമിയിലെ ഉണങ്ങിയ പുൽനാമ്പുകൾക്കിടയിലായിട്ടാണ് ഇവയെ കാണുന്നത്.

കണ്ണുകള്‍ക്കുചുറ്റും കറുത്ത നിറമാണ്‌. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മധ്യത്തിലായി നീളത്തില്‍ ഇരുണ്ട വരയുണ്ട്‌. പെണ്‍ചിലന്തിയുടെ മഞ്ഞ നിറത്തിലുള്ള തലയില്‍ കറുത്ത കണ്ണുകള്‍ കാണാം. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തില്‍ വെളുത്ത കുത്തുകളും ഉണ്ട്‌. 35 ഇനം ചിലന്തികളുള്ള ഈ ജെനുസിനെ ഇതാദ്യമായാണ്‌ ഇന്ത്യയില്‍ കണ്ടുപിടിക്കുന്നത്‌. ഈ കണ്ടുപിടിത്തം ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്‌നോളജി എന്ന രാജ്യാന്തര ശാസ്‌ത്രമാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Story Highlights: spider named after malayali arachnologist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here