കരച്ചില്‍, ആശങ്ക; അബോര്‍ഷനുള്ള ഭരണഘടനാ സംരക്ഷണം അമേരിക്കയില്‍ എടുത്തു കളഞ്ഞ നിമിഷം ഒരു ക്ലിനിക്കില്‍ സംഭവിച്ചത്

അബോര്‍ഷനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ സംരക്ഷണം അമേരിക്കന്‍ സുപ്രിംകോടതി നീക്കിയ സമയം. അബോര്‍ഷനുവേണ്ടി ആശുപത്രികളിലെത്തിയ പല സ്ത്രീകളും അപ്പോള്‍ കാത്തിരിപ്പുമുറികളിലായിരുന്നു. സാന്‍ അന്റോണിയയിലെ അലാമോ വിമെന്‍സ് റീപ്രൊഡക്ടീവ് സര്‍വീസ് ക്ലിനിക്കില്‍ അന്ന് നല്ല തിരക്കായിരുന്നു. അബോര്‍ഷനായി മാനസികമായി തയാറെടുത്ത് ഒരു ഡസനോളം സ്ത്രീകള്‍ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റാഫുകള്‍ക്കെല്ലാം തിരക്കോട് തിരക്ക്. പതിവ് തിരക്കുകളുകളിലും ബഹളങ്ങളിലും മുങ്ങിയ ഒരു ദിവസം. (What happened in a clinic the moment when american supreme court overturns abortion rights)
പെട്ടെന്നാണ് ക്ലിനിക്കിക്കിലേക്ക് അഭിഭാഷകന്റെ ഫോണ്‍ കോളെത്തുന്നത്. ടെക്‌സസിലെ എല്ലാ അബോര്‍ഷന്‍ നടപടിക്രമങ്ങളും വേഗം നിര്‍ത്തണമെന്ന് ഫോണിലൂടെ ഗൗരവത്തിലുള്ള നിര്‍ദേശം. അതിനാല്‍ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്ന സ്ത്രീകളോട് മടങ്ങിപ്പോകാന്‍ സ്റ്റാഫ് ഉടന്‍ ആവശ്യപ്പെടേണ്ടതുണ്ട്. അല്‍പ നേരത്തെ ആശയക്കുഴപ്പത്തിനും ഞെട്ടലിനും ശേഷം സ്റ്റാഫ് അംഗങ്ങള്‍ ആ വാര്‍ത്ത ലോബിയിലിരിക്കുന്ന സ്ത്രീകളോട് പറയാന്‍ തയാറെടുത്തു.
ക്ലിനിക്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രിയ ഗാല്ലോസ് തന്നെ ആ ദൗത്യം ഏറ്റെടുത്തു. അബോര്‍ഷനായി തയാറെടുത്തിരിക്കുന്ന സ്ത്രീകളുടെ മുറിയിലേക്ക് കടന്നുചെന്ന് ഗൗരവത്തോടെ അവര്‍ പറയാന്‍ തുടങ്ങി: അബോര്‍ഷനായി വന്ന നിങ്ങള്‍ ഉടന്‍ മടങ്ങിപ്പോകണം. ഈ തീരുമാനം സുപ്രിംകോടതിയുടേതാണ്. ദൗര്‍ഭാഗ്യവശാല്‍ സ്വന്തം ശരീരത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഇപ്പോള്‍ നിര്‍ണയിക്കുന്നത് നിങ്ങള്‍ താമസിക്കുന്ന നാടാണ്. തനിക്ക് മുന്നിലിരിക്കുന്ന ഓരോ മുഖങ്ങളും ഉറ്റുനോക്കിക്കൊണ്ട് അവര്‍ പറഞ്ഞൊപ്പിച്ചു. ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടാപരമായ അവകാശം സുപ്രിംകോടതി പിന്‍വലിച്ച സംഭവമാണ് ചുരുങ്ങിയ വാക്കുകളില്‍ ആന്‍ഡ്രിയ ഗാല്ലോസ് തനിക്ക് മുന്നിലിരിക്കുന്ന സ്ത്രീകളോട് പറഞ്ഞത്. റോ വേള്‍സസ് വേസ് വിധി അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി ഗര്‍ഭഛിദ്രം
നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും ചുരുങ്ങിയ വാക്കുകളില്‍ അവര്‍ വിശദീകരിച്ചു.
ഈ വാര്‍ത്ത ഒന്ന് ഉള്ളിലേക്കെടുക്കാനുള്ള സമയമേ വേണ്ടി വന്നുള്ളൂ. തനിക്ക് മുന്നിലിരിക്കുന്ന സ്ത്രീകളുടെ മുഖങ്ങള്‍ മാറുന്നത് ആന്‍ഡ്രിയ കണ്ടു. ചിലര്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ചിലര്‍ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞ് കെഞ്ചി. ചിലര്‍ സ്ഥലകാലബോധം വിട്ട് നിലവിളിച്ചു. എല്ലാവരും ആശങ്കയിലും നിരാശയിലുമായിരുന്നു.
Read Also: പാറ്റകളേയും ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും തിരികെ തരണം; ലേലം തടഞ്ഞ് നാസ
കരഞ്ഞും ദുഖിച്ചും നിലവിളിച്ചും കൊണ്ട് പയ്യെ സ്ത്രീകളെല്ലാം നടന്നകന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അബോര്‍ഷന്‍ ടേബിളിന് മുന്നില്‍ എത്തിപ്പെടാന്‍ സാധിച്ച ചിലര്‍ മാത്രം ബാക്കിയായി. അതേ ദിവസം അപ്പോയ്ന്‍മെന്റെടുത്ത ബാക്കിയുള്ളവരോട് ഇന്ന് വരേണ്ടതില്ല, ഇന്നെന്നല്ല ഇനി അബോര്‍ഷനായി വരേണ്ടതേയില്ലെന്ന് പറയാനുള്ള ജോലിയാണ് ബാക്കിയുണ്ടായിരുന്നത്. 20 പേരാണ് അപ്പോയ്ന്‍മെന്റെടുത്തിരുന്നത്. നമ്പര്‍ എടുത്ത് ഓരോരുത്തരേയായി വിളിച്ചു. ഈ ദിവസം തന്നെ വിധി വന്നല്ലോ എന്ന നിരാശയായിരുന്നു ഫോണിലെ മറുതലയ്ക്കലില്‍ നിന്നും ക്ലിനിക്കിലെ സ്റ്റാഫിന് കേള്‍ക്കേണ്ടി വന്നത്. നിരാശകൊണ്ട് കനംവച്ച നെടുവീര്‍പ്പുകളുടേതായ ഒരു ദിവസം…
ടെക്‌സസില്‍ ഇത് ഒരു അലാമോ ക്ലിനിക്കിന്റെ മാത്രം കഥയായിരുന്നില്ല. കഴിഞ്ഞ സെപ്തംബര്‍മാസമാണ് ആറാഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം ടെക്‌സസില്‍ നിയന്ത്രിക്കുന്നത്. അമേരിക്കയില്‍ ഉടനീളം വിവിധ സംസ്ഥാനങ്ങളില്‍ പാസാക്കിയ അബോര്‍ഷന്‍ നിയന്ത്രണ നടപടികളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു അത്. ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന് സുപ്രിംകോടതി വിധിച്ചതോടെ ടെക്‌സസിലെ ക്ലിനിക്കുകളിലെ എല്ലാ ഗര്‍ഭച്ഛിദ്രങ്ങളും നിര്‍ത്തിവയ്ക്കാന്‍ അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റണ്‍ അറിയിക്കുകയായിരുന്നു. ഒരു കോണ്‍ഫറന്‍സ് കോളിലൂടെയാണ് ക്ലിനിക്കുകള്‍ക്ക് അറിയിപ്പ് ലഭിച്ചത്. തങ്ങളുടെ ഊഴം കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന് മേലുള്ള സ്വയം നിര്‍ണയാവകാശങ്ങളെ വിറപ്പിച്ചുകൊണ്ടാണ് ആ ഫോണ്‍വിളിയെത്തിയത്.
അമേരിക്കയിലെ തെരുവുകള്‍ ഇപ്പോള്‍ സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ കൊണ്ട് നിറയുകയാണ്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിച്ചു.
സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് അട്ടമറിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ പറഞ്ഞു.
ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കോടതിയ്ക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പുതിയ വിധി പുറപ്പെടുവിച്ച കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാരെ നോമിനേറ്റ് ചെയ്തത്. മൂന്ന് ലിബറല്‍ ജസ്റ്റിസുമാരും കോടതിയില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി.
Story Highlights: What happened in a clinic the moment when american supreme court overturns abortion rights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here