‘പൊറുക്കണം, ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെവരണം’; ഡെപ്പിനോട് മാപ്പപേക്ഷയുമായി ഡിസ്നി

മുൻ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ വിജയിച്ച നടൻ ജോണി ഡെപ്പിനോട് പ്രമുഖ സിനിമാ സ്റ്റുഡിയോ ആയ ഡിസ്നി മാപ്പപേക്ഷിച്ചു എന്ന് റിപ്പോർട്ട്. മാപ്പപേക്ഷിച്ചുകൊണ്ട് ഡിസ്നി ഡെപ്പിന് കത്തയച്ചു എന്ന് ഓസ്ട്രേലിയൻ വെബ്‌സൈറ്റായ പോപ്ടോപ്പിക് റിപ്പോർട്ട് ചെയ്തു. മാപ്പിനൊപ്പം ഏതാണ്ട് 2335 കോടി രൂപയുടെ ഒരു കരാർ ഓഫറും ഡിസ്നി ഡെപ്പിനു മുന്നിൽ വച്ചിട്ടുണ്ട്. ഡെപ്പിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെവരണമെന്നാണ് ഡിസ്നിയുടെ ആവശ്യം. (Disney Apology Johnny Depp Jack Sparrow)
പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാ പരമ്പരയിലെ ആറാം സിനിമയ്ക്കും സിനിമയുടെ ഡിസ്നി പ്ലസ് സ്പിൻ ഓഫ് സീരീസിനുമായാണ് സ്റ്റുഡിയോ ഡെപ്പിനെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഡിസ്നി 300 മില്ല്യൺ ഡോളർ നൽകിയാലും താൻ ഇനി ഒരു പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ നിലപാടെടുത്തിരുന്നു.
Read Also: ഞാനിപ്പോഴും ഡെപ്പിനെ സ്നേഹിക്കുന്നു: ആംബർ ഹേഡ്
കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു. തനിക്ക് പണം വേണ്ടെന്ന് ഡെപ്പ് പ്രതികരിച്ചിരുന്നു. പണത്തിനു വേണ്ടിയല്ല കേസ് കൊടുത്തതെന്നും നീതിയായിരുന്നു വേണ്ടിയിരുന്നതെന്നും ഡെപ്പ് പറഞ്ഞു.
ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ ‘അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡ’ത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബർ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.
Story Highlights: Disney Apology Johnny Depp Jack Sparrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here