സഭ തുടങ്ങിയതും പ്രതിപക്ഷ പ്രതിഷേധം; പ്രതിരോധിക്കാന്‍ വീണയുടെ നേതൃത്വത്തില്‍ ഭരണപക്ഷവും…! സഭ നിര്‍ത്തിവച്ചിട്ടും ഫലം കണ്ടില്ല: ഇന്ന് നിയമസഭയില്‍ നടന്നത്

കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ ‘ഭരണ- പ്രതിപക്ഷ’ പോരിനാണ് ഇന്ന് സഭാതലം സാക്ഷ്യം വഹിച്ചത്. പ്രതിഷേധം കടുപ്പിക്കാന്‍ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോള്‍ മന്ത്രിമാര്‍ തന്നെ ചെയറില്‍ നിന്ന് എഴുന്നേറ്റ് ഭരണപക്ഷത്തിനൊപ്പം പ്രതിരോധം തീര്‍ത്തു. പ്രതിഷേധവും പ്രതിരോധവും സഭയ്ക്ക് പുറത്തേക്കെത്താതിരിക്കാന്‍ വിഡിയോ ദൃശ്യങ്ങള്‍ സഭാ ടിവിയും പൂഴ്ത്തി. അക്ഷരാര്‍ത്ഥത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെയുള്ള ഭരണ പ്രതിക്ഷ ഏറ്റുമുട്ടലുകള്‍ക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത് ( UDF Protest Legislative Assembly ).
പ്രക്ഷുബ്ദം പ്രതിഷേധം
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിനം സ്തംഭിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് കറുപ്പണിഞ്ഞെത്തിയ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങി തന്നെയായിരുന്നു രാവിലെ സഭയിലേക്കെത്തിയത്. ആദ്യനടപടിയായ ചോദ്യോത്തരവേള തുടങ്ങിയതു മുതല്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും ബാനറുകളും പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് സമീപം പ്രതിഷേധിച്ചതോടെ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രക്ഷുബ്ദമായി. പ്രതിഷേധം തടയാന്‍ മന്ത്രിമാരടക്കം ഭരണ പക്ഷാംഗങ്ങളും എഴുന്നേറ്റ് മുദ്രാവാക്യം മുഴക്കിയതോതെ ആദ്യദിനം ആകെ ബഹളമയം. ഇതോടെ നടപടികള്‍ വെട്ടിച്ചുരുക്കി പ്രധാന നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സഭ പിരിഞ്ഞു.

കറുപ്പണിഞ്ഞ് എംഎല്‍എ
രാവിലെ ഒന്‍പതിന് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നിരയിലെ ആറ് എംഎല്‍എമാര്‍ കറുത്ത വേഷത്തിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അനൂപ് ജേക്കബ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഒഴികെ പ്രതിപക്ഷ നിരയിലെ ബാക്കിയുള്ളവര്‍ കറുത്തമാസ്‌ക് ധരിച്ചുമാണ് എത്തിയത്. പ്രതിപക്ഷത്തെ നേരിടാന്‍ പതിവില്ലാതെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷവും ഇറങ്ങിയതോടെ സഭ കലുഷിതമായി. അനുനയിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും ഇരുപക്ഷവും കൂട്ടാക്കിയില്ല.
Read Also: മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ
ആദ്യ ചോദ്യം മുകേഷിന്റേത്
എം.മുകേഷിന്റെ ആദ്യ ചോദ്യത്തിന് മന്ത്രി എം.വി.ഗോവിന്ദന്‍ മറുപടി പറയാനായി എഴുന്നേറ്റെങ്കിലും പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള തടസപ്പെടുന്ന സ്ഥിതിയായി. അംഗങ്ങള്‍ സീറ്റിലിരിക്കണമെന്നും ബഹളമുണ്ടാക്കരുതെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചെങ്കിലും അംഗങ്ങള്‍ ഇത് ചെവിക്കൊണ്ടില്ല. ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് സ്പീക്കര്‍ ചെയര്‍ വിട്ടെഴുന്നേറ്റു. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് സമീപം പ്രതിപക്ഷവും ഡയസിന് മുന്നിലായി ഭരണ പക്ഷവും നിലയുറപ്പിച്ച് പരസ്പരം മുദ്രാവാക്യം മുഴക്കി. മന്ത്രിമാരായ വീണ ജോര്‍ജും സജി ചെറിയാനും ഭരണ പക്ഷ അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വലിയ ശബ്ദ കോലഹലങ്ങളോട ചോദ്യോത്തരവേളയുടെ സമയം അവസാനിച്ച 10 മണി വരെയും ഇരു വിഭാഗവും മുദ്രാവാക്യം വിളികളോടെ അങ്ങോട്ടുമിങ്ങോട്ടും പ്രതിഷേധിച്ചു.

ചരമോപചാരത്തില്‍ സഹകരിച്ച് പ്രതിപക്ഷം
തുടര്‍ന്ന് സ്പീക്കര്‍ എത്തി ചരമോപചാരത്തോടെ സഭ നടപടികള്‍ ആരംഭിച്ചു. ചരമോപചാരത്തില്‍ പ്രതിപക്ഷം സഹകരിച്ചു. മുന്‍ നിയമസഭ അംഗങ്ങളായ പി.ജെ.തോമസ്, തലേക്കുന്നില്‍ ബഷീര്‍, എം.പി.ഗോവിന്ദന്‍ നായര്‍, കെ.ശങ്കരനാരായണന്‍, യു.എസ്.ശശി, കെ.ജി.കുഞ്ഞികൃഷ്ണപിള്ള, എസ്.ത്യാഗരാജന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ സഭ ചരമോപചരാമര്‍പ്പിച്ചത്.
Read Also: ‘നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചു’ : മുഖ്യമന്ത്രി
അടിയന്തര പ്രമേയത്തില്‍ വിട്ട് നിന്ന് പ്രതിപക്ഷം
ചരമോപചാരത്തില്‍ സഹകരിച്ച പ്രതിപക്ഷം ശൂന്യവേളയില്‍ നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയ നടപടികളില്‍ നിന്നും വിട്ട് നിന്ന് ബഹളം വച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്നും ടി. സിദ്ദിഖ് നല്‍കിയ പ്രമേയ നോട്ടീസാണ് പരിഗണിക്കുന്നതെന്നും ബഹളം അവസാനിപ്പിച്ച് പ്രതിപക്ഷം സീറ്റിലേക്ക് മടങ്ങണമെന്നും സ്പീക്കര്‍ പലയാവര്‍ത്തി അഭ്യര്‍ഥിച്ചിട്ടും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രതിപക്ഷ നേതാവും ഇടപെടാതിരുന്നതോടെ പ്രതിഷേധം സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തുന്ന രീതിയിലേക്ക് മാറി. ഇതോടെ തുടര്‍ നടപടികളായ ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍ എന്നിവ റദ്ദ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വെച്ചു. ഈ സമയമെല്ലാം പ്രതിപക്ഷ പ്രതിഷേധം സഭാ ടിവിയില്‍ പ്രദര്‍ശിപ്പിച്ചില്ലെന്നതും ശ്രദ്ധേയാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ ലഭ്യമായില്ല. അതിനിടെ തന്നെ വനം ഭേദഗതി ബില്‍ മാറ്റിവെക്കുകയും സഹകരണ സംഘ ഭേദഗതി ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു. പിന്നാലെ 10.20 ഓടെ നടപടികള്‍ അവസാനിച്ചതായി പ്രഖ്യാപിച്ച് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
Story Highlights: UDF Protest Legislative Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here