‘ആഗ്രഹം സാധിക്കാതെ അംബിക മടങ്ങി’, അനുസ്മരിച്ച് സഹപ്രവർത്തകർ

ഇരുപത് വർഷത്തോളം മലയാള സിനിമാ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു അംബിക റാവു. വൃക്കരോഗവും കൊവിഡും നല്‍കിയ വെല്ലുവിളികള്‍ക്ക് മുമ്പിൽ കീഴടങ്ങി വിടവാങ്ങുമ്പോള്‍, രണ്ടു പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന സിനിമാജീവിതത്തിനും വിരാമം കുറിക്കുകയാണ്. അംബിക റാവുവിൻ്റെ വേർപാടിൽ പ്രിയ കലാകാരിയുമൊത്തുള്ള ഓർമ്മകൾ 24 നോട് പങ്കുവക്കുകയാണ് സഹപ്രവർത്തകർ.
സംവിധായകൻ മധു സി നാരായണൻ്റെ വാക്കുകൾ:
“അംബിക റാവുവുമായി വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. 2009ൽ ആഷിക് അബു സംവിധാനം ചെയ്ത ‘ഡാഡി കൂൾ’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് പരിചയപ്പെടുന്നത്. തുടർന്നിങ്ങോട്ട് ആ സൗഹൃദം നിലനിന്നു. നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാൽ സിനിമ വിട്ടുനിൽക്കുമ്പോഴും മടങ്ങിവരാൻ അംബിക ആഗ്രഹിച്ചിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ദുഃഖമുണ്ട്. അംബികയുടെ വിയോഗം അപ്രതീക്ഷിതവും മേഖലയ്ക്ക് തീരാനഷ്ടവുമാണ്.
കാര്യങ്ങൾ ഉള്ളുതുറന്ന് പറയുന്നത് അംബികയുടെ സവിശേഷതയാണ്. മറ്റുള്ളവരോട് വേഗത്തിൽ സൗഹൃദം സ്ഥാപിക്കാൻ അംബികയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിൽ അവർ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. കുമ്പളങ്ങി നൈറ്റ്സിലെ അമ്മ കഥാപാത്രമായി മറ്റാരെയും തെരഞ്ഞിരുന്നില്ല. ഏറെ സന്തോഷത്തോടെ അംബിക ആ വേഷം അവതരിപ്പിച്ചു. തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും രോഗം മൂർച്ഛിച്ചതോടെ അവശയായി. സ്വന്തമായി ഒരു സിനിമ ചെയ്യാൻ അവർ മോഹിച്ചിരുന്നു. എഴുത്തുപുരയിൽ സജീവമായി, വിയോഗത്തോടെ അത് പാതിവഴിയിൽ അവസാനിച്ചു.”
നടി അർച്ചന പത്മിനിയുടെ വാക്കുകൾ:
“ചലച്ചിത്ര മേഖലയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന പെൺമുഖങ്ങളിൽ ഒന്നാണ് അംബിക റാവു. സ്ത്രീകൾ കുറവായിരുന്ന കാലത്ത് കടന്നുവന്ന് ശക്തമായ സാന്നിധ്യമായി മാറിയ വനിതാ. അംബിക റാവു എന്ന പേര് സുപരിചിതമായിരുന്നു, എന്നാൽ കാണുന്നതും സംസാരിക്കുന്നതും അടുത്തകാലത്താണ്. ചുറ്റുമുള്ളവർക്ക് ഊർജ്ജം പകരുന്ന പ്രകൃതം. സഹപ്രവർത്തകർക്ക് ജീവിതാനുഭവത്തിൽ നിന്നും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമായിരുന്നു.
സിനിമാ സ്വപ്നം നെയ്യുന്ന സ്ത്രീകൾക്ക് പ്രചോദനമായിരുന്നു അംബിക റാവു. അംബികയെ പോലെയുള്ളവർ ഈ മേഖലയിൽ കുറവാണ്. രോഗപീഡനിറഞ്ഞതായിരുന്നു അംബികയുടെ അവസാന നാളുകള്‍. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വന്നത്. ആഗ്രഹങ്ങൾ ബാക്കിവച്ചാണ് അവർ മടങ്ങുന്നത്. സ്വന്തമായി ഒരു സിനിമ ചെയ്യാൻ ഏറെ കൊതിച്ചിരുന്നു. രോഗബാധിതയായി കിടക്കുമ്പോഴും തിരിച്ചുവരവിന് ചിറക് നൽകിയത് ഈ സ്വപ്നമാണ്. പാതിയിലെ മടക്കത്തിൽ ഏറെ ദുഃഖം തോന്നി.”
വൃക്കരോഗത്തിനൊപ്പം കൊവിഡും വന്നതോടെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് അംബികയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഹൃദയാഘാതമുണ്ടായാണ് മരണം കാരണം. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം.
Story Highlights: madhu c narayanan and archana padmini sharing memories with ambika rao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here