‘പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നത്’; പിന്തുണയുമായി ആര്യാ രാജേന്ദ്രൻ

പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. എന്നും അവരെ തളർത്താമെന്ന് വ്യാമോഹിക്കുന്നവർ തളർന്നു പോകുകയേ ഉള്ളൂവെന്നും ആര്യ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം.(arya rajendran support over veena vijayan)
ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല. ഒന്നര പതിറ്റാണ്ടായി അവർ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ അവർക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്‌ക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നും തിരുവനന്തപുരം മേയർ കുറിച്ചു.
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
ഇക്കണ്ട ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു. കാണാൻ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ. നമുക്ക് കാണാമെന്നും ആര്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്.
കേരളത്തിൽ നടന്നിട്ടുള്ള വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകൾ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവർ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം. പറഞ്ഞ് വന്നത് വീണ വിജയൻ എന്ന സംരഭകയെ കുറിച്ചാണ്.അവർ മാത്രമല്ല ഞാനടക്കം ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന, അല്ലെങ്കിൽ ഇടതുപക്ഷ നിലപാടുള്ള സ്ത്രീകൾക്ക് മേൽ നടക്കുന്ന വെർബൽ അറ്റാക്ക് അതിന്റെ എല്ലാ സീമകളും ലംഘിച്ചിട്ടും ചില ബുന്ദികേന്ദ്രങ്ങളും മാധ്യമ ന്യായാധിപന്മാരും തുടർന്നതും തുടരുന്നതുമായ മൗനം അശ്ളീലമാണെന്ന് പറയാതെ വയ്യ. രാഷ്ട്രീയ പ്രവർത്തകരെ കുറിച്ച് ആരോപണങ്ങൾ സ്വാഭാവികമാണ്, വീണ എന്ന സ്ത്രീയ്ക്ക് കേരളത്തിലെ സമകാലീന രാഷ്ട്രീയത്തിൽ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ? ഏതൊരാളെയും പോലെ അവകാശങ്ങളും സ്വകാര്യതയും എല്ലാമുള്ള ഒരു സ്ത്രീയാണ് അവരും. അനാവശ്യ വിവാദങ്ങളിൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് അവരെ നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ മേൽ സൂചിപ്പിച്ചവർ ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
അതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നൊന്നും ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കുന്നില്ല. എന്തെങ്കിലും ഭോഷ്ക്ക് വിളിച്ച് പറയുക, എന്നിട്ട് അതിനുമേൽ ചർച്ച നടത്തുക. ചർച്ച നടത്തിയിട്ട് ഈ ഉന്നയിച്ച ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്നുണ്ടോ?അതുമില്ല.
ചർച്ചയുടെ പേരിൽ അവരെ ആവർത്തിച്ച് അപമാനിക്കുക. ഇതാണിപ്പോ നടന്ന് വരുന്നത്. വീണ എന്ന സംരംഭക പിണറായി വിജയൻറെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ്. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല. ഒന്നര പതിറ്റാണ്ടായി അവർ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ അവർക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്‌ക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നത്.
ഇക്കണ്ട ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു. കാണാൻ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ. നമുക്ക് കാണാം.
Story Highlights: arya rajendran support over veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here