Advertisement

എകെജി സെൻ്റർ ആക്രമണം; അപലപിച്ച് മുതിർന്ന നേതാക്കൾ

July 1, 2022
Google News 1 minute Read

എകെജി സെൻ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് മുതിർന്ന നേതാക്കൾ. സിപിഐഎം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം തീ കളിയെന്ന് എംഎ ബേബി. സംഭവം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പികെ ശ്രീമതി. അരാജക അന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചപ്പോൾ ആക്രമണം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

എംഎ ബേബിയുടെ വാക്കുകൾ:
എകെജി സെൻ്ററിന് നേരെയുണ്ടായ ബോംബാക്രമണം തീ കളിയാണ്. സിപിഐഎം പ്രവർത്തകർ സംയമനം പാലിക്കണം. സമാധാനത്തോടും സംയമനത്തോടും വേണം ഈ ആക്രമത്തെ സമീപിക്കാൻ. പ്രകോപനപരമായി പ്രതികരിക്കാൻ പാടില്ല, കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് കലുഷിതമായ അന്തരീക്ഷം ആണ്. കോൺഗ്രസ് അക്രമത്തിൻ്റെ പാതയാണ് ഇഷ്ടപ്പെടുന്നത് എന്നുവേണം സംഭവത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇത്തരം വിനാശകരമായ സമീപനം പാർട്ടിക്ക് ഗുണം ചെയ്യുമോ എന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കണം.

പികെ ശ്രീമതിയുടെ വാക്കുകൾ:
എകെജി സെൻ്ററിൻ്റെ മൂന്നാമത്തെ നിലയിലാണ് ഞാൻ താമസിക്കുന്നത്. രാത്രി 11.15 ശേഷമാണ് സംഭവം നടക്കുന്നത്. നാളെ ആലപ്പുഴയിൽ നടക്കുന്ന പൊതുയോഗത്തിനു വേണ്ടിയുള്ള വായനയിലായിരുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ അതിഭീകരമായ ഒരു ശബ്ദം കേട്ടു. ജനവാതിലിലൂടെ നോക്കുമ്പോൾ ഒരാൾ വണ്ടിയിൽ പോകുന്നത് കണ്ടു. പിന്നീട് താഴെയുണ്ടായിരുന്നവർ ബോംബേറ് നടന്ന വിവരം അറിയിച്ചു. എകെജി സെൻററിനു മുന്നിൽ ഉണ്ടായത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. സംഭവത്തിന് പിന്നിൽ നിഗൂഢമായ ലക്ഷ്യമുണ്ട്.

കടകംപള്ളി സുരേന്ദ്രൻ്റെ വാക്കുകൾ:
സംസ്ഥാനത്ത് അരാജക അന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇത്തരം അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇവരാരും അക്രമങ്ങളെ അപലപിക്കുന്നില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം. എകെ ആൻറണിയെ പോലൊരു മുതിർന്ന നേതാവും ഗാന്ധിയനും ഇതിനെ ന്യായീകരിക്കും എന്ന് കരുതിയില്ല.

കോൺഗ്രസിൻ്റെ ഉന്നത നേതൃത്വം മുതൽ താഴെത്തട്ടിൽ വരെ അക്രമം നടത്താൻ പ്രോത്സാഹനം നൽകുന്നു. കെപിസിസി നേതൃത്വം ആന്റണിയെ പോലുള്ള നേതാക്കളും അക്രമ സംഭവങ്ങളെ അപലപിച്ചാൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളൂ. ഇത്തരം അക്രമ സംഭവങ്ങളെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. സിപിഐഎം പ്രവർത്തകരെ പ്രകോപിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെ തന്ത്രം. അതിൽ ആരും വീണു പോകരുത്. സമാധാനപരമായി പ്രതിഷേധിക്കും.

കെഎൻ ബാലഗോപാലിൻ്റെ വാക്കുകൾ:
എകെജി സെൻ്ററിൽ നടന്ന ആക്രമണം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയും. കലാഭന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരായി ഇടതുപക്ഷ പ്രവർത്തകർ ഒരുമിച്ച് നിൽക്കും. പാർട്ടി ആസ്ഥാനങ്ങൾ ആക്രമിക്കുന്നത് കേരളത്തിന് അംഗീകരിക്കാൻ ആകാത്ത സംസ്കാരമാണ്. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന ദൗർഭാഗ്യക അവസ്ഥ നേരത്തെ ഉണ്ടായിട്ടുണ്ട്. കുറ്റവാളിയെ പിടിക്കാനും ഗൂഢാലോചന കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Story Highlights: AKG center attack; Condemned senior leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here