Advertisement

‘നുപുർ ശർമ്മയ്ക്ക് അധികാരം തലയ്ക്കു പിടിച്ചോ?’; കോടതിയിൽ സംഭവിച്ചത് ഇതാണ്

July 1, 2022
Google News 3 minutes Read
Supreme Court slams Nupur Sharma; what happened in court

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നുപുർ ശർമ്മയെ അതിരൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും സംസ്ഥാന വ്യത്യാസമില്ലാതെ ഡൽഹിയിലേക്ക് മാറ്റണമെന്നായിരുന്നു നുപുർ ശർമ്മയുടെ ഹർജിയിലെ പ്രധാന ആവശ്യം. അത് കോടതി അം​ഗീകരിച്ചില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ പിന്തുണയോടെ എന്തും വിളിച്ചു പറയാമെന്നാണോ വിചാരം എന്ന മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. ജസ്റ്റിസ് സൂര്യകാന്താണ് വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളുമായി നുപുർ ശർമ്മയെയെയും അവരുടെ അഭിഭാഷകനെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്. ( Supreme Court slams Nupur Sharma; what happened in court )

നുപുർ ശർമ്മയുടെ വക്കാലത്തുമായെത്തിയ അഭിഭാഷകൻ അക്ഷരാർത്ഥത്തിൽ കോടതിയിൽ വെച്ച് വെള്ളം കുടിക്കുകയായിരുന്നു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്ന ന്യായീകരണവുമായെത്തിയ അഭിഭാഷകനെ ജസ്റ്റിസ് സൂര്യകാന്ത് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ചാനൽ അവതാരകന് എതിരെയും കേസെടുക്കുകയാണ് വേണ്ടതെന്ന് കോടതി അഭിഭാഷകനോട് പറഞ്ഞു. ‌‌
നുപുർ ശർമ്മയുടെ വാവിട്ട വാക്കുകൾ ഇന്ത്യയിൽ ആകെ തീപടർത്തിയിരിക്കുകയാണ്. വായിൽ തോന്നിയ എന്ത് വിളിച്ചു പറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്ന് സുപ്രീം കോടതി നുപുർ ശർമ്മയുടെ അഭിഭാഷകനോട് ചോദിച്ചു.

നുപുർ ശർമ്മയ്ക്ക് അധികാരം തലയ്ക്കു പിടിച്ചോ?. അവരുടെ പരാതിയിൽ ഒരാൾ അറസ്റ്റിലായി. എന്നാൽ ഇത്രയധികം എഫ്ഐആറുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഡൽഹി പൊലീസ് നുപുറിനെ പിടികൂടാത്തതെന്നും കോടതി ചോദിച്ചു. ഇത്രയും വിമർശനം ഏറ്റുവാങ്ങിയതോടെ അഭിഭാഷകൻ നുപുറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് വാദിച്ചു. നുപുർ ശർമ്മയ്ക്ക് ഭീഷണിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ ഉദ്ദേശിച്ചതെന്നായി ജസ്റ്റിസ് സൂര്യകാന്തിന്റെ മറു ചോദ്യം. കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതോടെ നൂപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിക്കുകയായിരുന്നു.

Read Also: പ്രവാചക നിന്ദ: നുപുർ ശർമയെ കാണാനില്ല; തിരഞ്ഞുനടന്ന് മുംബൈ പൊലീസ്

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. അഭിഭാഷകയായ നുപുർ ശർമ ബിജെപി നേതാവും വാക്താവുമാണ്. ഡൽഹി ഹിന്ദു കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ നുപുർ ലണ്ടൺ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നാണ് എൽഎൽഎം ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

കോളജ് കാലം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു നുപുർ ശർമ. എബിവിപി ടിക്കറ്റിൽ ഡൽഹി സർവകലാശാല വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി യൂത്ത് വിംഗിന്റെ നാഷ്ണൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ വാക്താവായി ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു നുപുർ.

Story Highlights: Supreme Court slams Nupur Sharma; what happened in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here