വല്ലാര്‍പാടത്തമ്മയുടെ 500 വര്‍ഷം പഴക്കമുള്ള ചിത്രം പുനഃപ്രതിഷ്ഠിച്ചു

ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന 500 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയില്‍ സംരക്ഷണം നടത്തിയതിനു ശേഷം പുനഃപ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍.മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് പുനഃപ്രതിഷ്ഠാചടങ്ങുകള്‍ നടത്തിയത്. ചടങ്ങില്‍ വല്ലാര്‍പാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചന്‍, പള്ളി വീട്ടില്‍ അജിത്ത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദിവ്യബലിയില്‍ മോണ്‍.മാത്യു കല്ലിങ്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു.
1524 ല്‍ പോര്‍ച്ചുഗലില്‍ നിന്നും കത്തോലിക്ക മിഷനറിമാര്‍ കൊണ്ടുവന്ന പോര്‍ച്ചുഗീസ് കലാപാരമ്പര്യത്തില്‍ ചെയ്തിട്ടുള്ള പരിശുദ്ധ വിമോചകനാഥയുടെ ചിത്രമാണിത്. 1676 ലെ വെള്ളപൊക്കത്തില്‍ കായലിലേക്ക് ഒഴുകിപ്പോയ ഈ ചിത്രം അന്നത്തെ കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചനാല്‍ വീണ്ടെടുത്ത് പുതിയ ദേവാലയത്തില്‍ സ്ഥാപിക്കുകയായിരുന്നു.
അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതും 95 X 75 സെ.മി വലുപ്പമുള്ള ഒറ്റപ്പലകയില്‍ എണ്ണച്ചായത്തില്‍ തീര്‍ത്തതുമായ ഈ പെയിന്റിംഗിന് കാലപ്പഴക്കത്താല്‍ വന്നുപോയ പല വിധത്തിലുള്ള കേടുപാടുകളാണ്, ഇപ്പോള്‍ ശാസ്ത്രീയമായ സംരക്ഷണ രീതികള്‍ ഉപയോഗിച്ച് പരിഹരിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും കൊണ്ടുവന്ന ഈ ഛായാചിത്രത്തില്‍ മറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് 1752 ല്‍ പള്ളി വീട്ടില്‍ മീനാക്ഷിയമ്മയും കുഞ്ഞും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്താല്‍ വഞ്ചിയപകടത്തില്‍ നിന്നും രക്ഷ നേടിയതിന്റെ സാക്ഷ്യമായി 1800 കളിലാണ് മീനാക്ഷിയമ്മയുടേയും കുഞ്ഞിന്റേയും രൂപങ്ങള്‍ കൂടി തദ്ദേശീയ ചിത്രകാരന്മാര്‍ ഇതില്‍ വരച്ച് ചേര്‍ത്തത്. തല്‍ഫലമായി ഇന്‍ഡോപോര്‍ച്ചുഗല്‍ സംസ്‌കൃതിയുടെ ഉത്തമോദാഹരണമായി മാറി ഈ വിശുദ്ധ ചിത്രം.
1750 ല്‍ വിശ്വാസികളുടെ ആഗ്രഹപ്രകാരം, കാരുണ്യ മാതാവിന്റെ ചിത്രം ഇവിടെ വണങ്ങപ്പെട്ടിരുന്നതിനാല്‍ ബന്ധവിമോചകനാഥയുടെ പേരില്‍ ഒരു അല്‍മായ കൊമ്പ്‌റേരിയ തിരുസംഘം സ്ഥാപിക്കുവാനുള്ള അനുവാദം പോര്‍ച്ചുഗലില്‍ നിന്ന് ലഭിക്കുകയുണ്ടായി. 1888ല്‍ വിശുദ്ധ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ഈ ചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയെ പ്രത്യേക പദവിയിലുള്ള അള്‍ത്താരയായി ഉയര്‍ത്തുകയും ചെയ്തു.
പത്തു ദിവസം നീണ്ടു നിന്ന ശാസ്ത്രിയമായ സംരക്ഷണ പ്രക്രിയയിലൂടെയാണ് ചിത്രത്തിന്റെ ജീര്‍ണ്ണത തടയുകയും പൗരാണികതനിമ സംരക്ഷിക്കുകയും ചെയ്തത്.
ഈ ചിത്രം വല്ലാര്‍പാടത്തേ ദേവാലയത്തില്‍ സ്ഥാപിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് റെക്ടര്‍ ഫാ.ആന്റണി വാലുങ്കല്‍ അറിയിച്ചു. വരാപ്പുഴ അതിരൂപത ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ് പനക്കലിന്റെ മേല്‍നോട്ടത്തില്‍, കലാ സംരക്ഷണ വിദഗ്ദനായ സത്യജിത് ഇബ്ന്‍, പൂനയിലെ സപുര്‍സ മ്യൂസിയം കണ്‍സര്‍വേറ്റര്‍ ശ്രുതി ഹഖേകാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംരക്ഷണ ജോലികള്‍ നിര്‍വ്വഹിച്ചത്.
Story Highlights: 500-year-old image of vallarpadathamma was restored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here