Advertisement

സ്വപ്‌നക്കെതിരായ ഭീഷണി; നൗഫല്‍ അഞ്ച് വര്‍ഷമായി മാനസിക ചികിത്സ തേടുന്ന വ്യക്തിയെന്ന് കുടുംബം

July 3, 2022
Google News 2 minutes Read

സ്വപ്‌ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മാനസികപ്രയാസങ്ങള്‍ക്ക് ചികിത്സ തേടുന്ന വ്യക്തിയെന്ന് മാതാവ് റംലത്തും, സഹോദരങ്ങളും ട്വന്റിഫോറിനോട് പറഞ്ഞു. പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലിലാണ് ചികിത്സ തേടുന്നത്. ഈയിടെ നൗഫലിന് മാനസികപ്രശ്‌നങ്ങള്‍ രൂക്ഷമായതായും കുടുംബം അറിയിച്ചു.

സ്വപ്നയുടെ നമ്പര്‍ എവിടെ നിന്നും ലഭിച്ചു എന്നത് അറിയില്ല. മുന്‍പും സമാനരീതിയില്‍ പൊലീസുകാരെയടക്കം വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങളുണ്ട്. നൗഫലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തില്‍ നൗഫിലിനെതിരെ മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷും മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

കെ ടി ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്‌ന പറയുന്നു. നൗഫല്‍ എന്നയാള്‍ പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാനേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണികളെത്തി. ശബ്ദരേഖ ഉള്‍പ്പെടെ ഒപ്പം ചേര്‍ത്ത് ഡിജിപി മുന്‍പാകെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് നിരന്തരം പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ തുടരരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. എത്രത്തോളം സഹായവും സുരക്ഷയും തനിക്ക് ലഭിക്കുമെന്ന് ഉറപ്പില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും ഭീഷണിപ്പെടുത്തി. തലചായ്ക്കാനുള്ള വീടെങ്കിലും ഇല്ലാതാക്കാതിരുന്നൂടെ എന്ന് സ്വപ്‌ന സുരേഷ് ചോദിക്കുന്നു.

Story Highlights: family said Naufal is a person seeking psychiatric treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here