Advertisement

രോഗികള്‍ക്കും ഹജ്ജ്; മദീനയിലെ ആശുപത്രികളില്‍ നിന്നും രോഗികളായ ഹജ്ജ് തീര്‍ഥാടകരെ മക്കയിലെത്തിച്ചു

July 6, 2022
Google News 2 minutes Read
hospitalized pilgrims Madinah to Makkah

മദീനയിലെ ആശുപത്രികളില്‍ നിന്നും രോഗികളായ ഹജ്ജ് തീര്‍ഥാടകരെ മക്കയില്‍ എത്തിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് ആംബുലന്‍സുകളില്‍ ഇവരെ മക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹജ്ജ് വേളയില്‍ ഈ തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും ( hospitalized pilgrims Madinah to Makkah ).

മദീനയില്‍ ചികിത്സയിലായിരുന്ന തീര്‍ഥാടകരെയാണ് സൗദി റെഡ് ക്രസന്റിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് മക്കയിലെത്തിച്ചത്. ആംബുലന്‍സുകളില്‍ മദീനയില്‍ നിന്നും പുറപ്പെട്ട തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം നടക്കുമ്പോള്‍ ഈ തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും.

രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ തന്നെ ഹജ്ജ് നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയാണ് മദീനയില്‍ നിന്നും മക്കയില്‍ എത്തിച്ചത്. എല്ലാ സൗകര്യങ്ങളുമുള്ള 10 ആംബുലന്‍സുകളിലായിരുന്നു ഇവരുടെ യാത്ര. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള സംഘം രോഗികളെ അനുഗമിച്ചു.

കൂടാതെ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ 5 ആംബുലന്‍സുകളും ഒരു ഇന്റണ്‍സീവ് കെയര്‍ ആംബുലന്‍സും, ഇന്റഗ്രേറ്റഡ് ഓക്‌സിജന്‍ കേബിനും, മൊബൈല്‍ ഫസ്റ്റ് എയ്ഡ് വാഹനവും, രോഗികളോടൊപ്പം ഉള്ളവരെയും വഹിച്ചു കൊണ്ട് ഒരു ബസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Read Also: ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും; തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും

അതേസമയം, ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും. തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും സൗദിയിലെത്തി. 79,000ത്തിലേറെ തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്.

10 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ നാളെ മുതല്‍ മിനായിലേക്ക് നീങ്ങും. തീര്‍ഥാടകരെല്ലാം ഹജ്ജിനുള്ള ഒരുക്കങ്ങളുമായി ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും ഇതിനകം സൗദിയിലെത്തി. ജൂണ്‍ 4 മുതല്‍ ജൂലൈ 4 വരെയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള അവസാന സംഘം ഇന്നലെ മുംബെയില്‍ നിന്നും ജിദ്ദയിലെത്തി. 377ഓളം തീര്‍ഥാടകര്‍ അവസാന സംഘത്തില്‍ ഉണ്ടായിരുന്നു. കൊച്ചി ഉള്‍പ്പെടെ 10 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി ഹജ്ജ് സര്‍വീസ് നടത്തിയത്.

ആദ്യഘട്ടത്തില്‍ മദീനയിലേക്കും പിന്നീട് ജിദ്ദയിലെക്കുമായിരുന്നു സര്‍വീസുകള്‍. മദീനയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ 8 ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തി. ഇവര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നായിരിക്കും നാട്ടിലേക്കു മടങ്ങുക. ജിദ്ദയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം മദീനയിലേക്ക് പോകും. 8 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര. 79,000ത്തിലേറെ തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിട്ടുണ്ട്. ഇതില്‍ 56,600ഓളം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 22,600ഓളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ്ജിനെത്തിയത്. കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി 5,700ലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്.

Story Highlights: MoH transports nine hospitalized pilgrims from Madinah to Makkah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here