Advertisement

‘സ്റ്റുഡന്റ്‌സ് ഒണ്‍ലി’ വണ്ടിയില്‍ അവരെത്തും; നാല് പതിറ്റാണ്ടിന്റെ അപൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനായി….

July 7, 2022
2 minutes Read
chenganur christian college alumni meet
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലമുറകളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദിയൊരുക്കി ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജ്.1980 മുതല്‍ 2021 വരെ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് കോളജില്‍ കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരുന്നത്. ഇക്കണോമിക്‌സ് 22 (EconomiX 22) എന്ന പേരിലാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.( chenganur christian college alumni meet)

ജൂലൈ 9 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഔദ്യോഗിക ഉദ്ഘാടനം കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാന്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരാണ് മുഖ്യാതിഥി.

കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തുടങ്ങിയത് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും കണ്ടുമുട്ടാനുള്ള അവസരമൊരുക്കിയത് നിലവിലെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ജിഷ ജോണിന്റെ ചിന്തയില്‍ നിന്നാണ്. ക്രിസ്റ്റ്യന്‍ കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ പല തലമുറകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളും അവരുടെ കരുതലും കൈത്താങ്ങുമായിരുന്ന അധ്യാപകരും ഒത്തുചേരുന്നത്.

ഒരു കാലത്ത് കാമ്പസിന്റെ ഓരോ സ്പന്ദനങ്ങളും ഏറ്റുവാങ്ങിയിരുന്ന വിദ്യാര്‍ത്ഥികള്‍ പഴയ ഒരു കോളജ് ദിനം പുനരാവിഷ്‌കരിക്കുന്നുവെന്ന പ്രത്യേകതയും സംഗമത്തെ വേറിട്ടതാക്കുന്നു. മുന്‍ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ മക്കളും കൊച്ചുമക്കളുമായെത്തുമ്പോള്‍ സംഗമത്തിന് അത് ഇരട്ടി മധുരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വെറൈറ്റിയായി ക്യാന്പസ് കാലത്ത് പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികള്‍ സംഗമത്തിനെത്തുന്നതും വ്യത്യസ്തത തന്നെയാണ്.

Read Also: പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂം കയ്യടക്കിവച്ചതായി പരാതി

സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസുകളായി രണ്ട് കെഎസ്ആര്‍ടിസി ബസിനെ മാറ്റി അതിലാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരിപാടിക്കെത്തുക. സമനിരപ്പുള്ള റോഡില്‍ ബസിറങ്ങി ക്രിസ്റ്റ്യന്‍ കോളജിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറി സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ സമഗ്രമായി പഠിക്കാനെത്തിയവര്‍ വീണ്ടും ഒത്തു ചേരുമ്പോള്‍ അതൊരു വൈറല്‍ ഇവന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ജോണ്‍സണ്‍ ബേബി രക്ഷാധികാരിയും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ജിഷ ജോണ്‍ ചെയര്‍പേഴ്‌സണായും അനില്‍ കുറിച്ചിമുട്ടം ജനറല്‍ കണ്‍വീനറുമായ 43 അംഗ കമ്മിറ്റിയാണ് സംഘാടനച്ചുമതല വഹിക്കുന്നത്. ഷാജി ജോണ്‍ പട്ടന്താനം,റെജി കെ ഏബ്രഹാം,ഗിരീഷ് ബുധനൂര്‍,അഡ്വ. എ സി ഈപ്പന്‍, ബി സുദീപ്, ഷീല സാമുവേല്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ്.

Story Highlights: chenganur christian college alumni meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement