Advertisement

ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല; മുരളി പെരുന്നെല്ലിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

July 7, 2022
3 minutes Read
Rahul Mamkootathil's Facebook post mocking Murali Perunelly
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിപിഐഎം നേതാവ് മുരളി പെരുന്നെല്ലി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയെന്ന് രാഹുൽ വിമർശിക്കുന്നു. മുരളി പെരുന്നെല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ലെന്നും കാരണം മുരളി ലക്ഷണമൊത്ത സഖാവാണെന്നുമാണ് രാഹുലിന്റെ പരിഹാസം. ( Rahul Mamkootathil’s Facebook post mocking Murali Perunelly )

“ജയ് ഭീം ” എന്ന് യു.ഡി.എഫ് എം.എൽ.എമാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് “പാലത്തിന്റെ ബീം” ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് സിപിഐഎമ്മിന്റെ എം.എൽ.എ മുരളി പെരുന്നെല്ലിയാണ്. അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326ാം ആർട്ടിക്കിൾ പ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം.

Read Also: ഇത് സായിപ്പെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, ഇന്ത്യൻ ഭരണഘടനയാണ്; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും. ഡാങ്കേ തൊട്ട് ഇഎംഎസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്.

അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്. മുരളി സഖാവെ, ‘ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും, ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്. മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്”. – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. അതിനിടെ ഭരണപക്ഷത്തെ മുരളി പെരുനെല്ലി അംബേദ്ക്കറെ അപഹസിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. സജി ചെറിയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ‘ജയ് ഭീം’ മുദ്രാവാക്യം വിളിച്ചിരുന്നു. പാലാരിവട്ടം ബീം ആണോ എന്ന് എല്‍ഡിഎഫ് എംഎല്‍എ മുരളി പെരുനെല്ലി ചോദിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുരളി പെരുനെല്ലി ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഭരണപക്ഷത്തിന്റെ പ്രതികരണം. താന്‍ അംബേദ്കറെ അധിക്ഷേപിച്ചിട്ടില്ലെന്ന് മുരളി പെരുനെല്ലി പറഞ്ഞു.

Story Highlights: Rahul Mamkootathil’s Facebook post mocking Murali Perunelly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement