കസേരയിലിരിക്കാൻ അനുവാദമില്ല; ജലപാനത്തിന് പ്രത്യേകം പാത്രവും ഗ്ലാസും ; ആത്മഹത്യ ചെയ്ത ദളിത് യുവതി ഭർതൃവീട്ടിൽ ജാതീയ അധിക്ഷേപം നേരിട്ടിരുന്നു

കൊച്ചിയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം. സംഗീതയെ ഭർതൃ വീട്ടുകാർ ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു എന്നുമാണ് കുടുംബത്തിൻറെ ആരോപണം. സംഗീത ആത്മഹത്യ ചെയ്ത് 41 ദിവസം കഴിഞ്ഞിട്ടും ഭർത്താവ് സുമേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആരോപണം ഉണ്ട് . ( sangeetha underwent racial discrimination in husband home )
2020 ഏപ്രിലിലാണ് സംഗീതയും തൃശ്ശൂർ സ്വദേശി സുമേഷും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു. സംഗീതയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചതും സുമേഷ് ആയിരുന്നു. എന്നാൽ വിവാഹ ശേഷം സുമേഷിന്റെ വീട്ടിൽനിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നുവെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഗ്ലാസും പാത്രവും നൽകിയിരുന്നു. കസേരയിൽ ഇരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
‘ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുത്താൽ അവരത് തട്ടി കളയും. കസേരയിലല്ല, നിലത്തിരിക്കണം. പട്ടിയെ പോലെ പണിയെടുക്കാൻ അവൾ വേണം. എന്നിട്ടും അവനൊപ്പം ജീവിക്കണമെന്നാണ് അവൾ ആഗ്രഹിച്ചത്’- സംഗീതയുടെ സഹോദരി സലീന പറയുന്നു.

സ്ത്രീധനം നൽകിയില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് സുമേഷ് സംഗീതയെ ഭീഷണിപ്പെടുത്തി. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും ഭർത്യ വീട്ടിൽ നിന്ന് സംഗീതക്ക് നേരിടേണ്ടി വന്നത് ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല.
Read Also: ‘ഭർത്താവിൻ്റെ ഭക്ഷണം കഴിക്കണമെങ്കിൽ അടി കൊള്ളേണ്ടിവരുമെന്ന് ഭർതൃപിതാവ് പറഞ്ഞു’; റിസ്വാനയുടെ ഉമ്മ
‘അഞ്ചാം മാസത്തിലാണ് കുഞ്ഞ് മരിച്ചത്. ആ കുട്ടിയെ വീട്ടിൽ പോലും കയറ്റിയില്ല. ഞങ്ങളുടെ സ്ഥലത്ത് സൗകര്യമില്ലാത്തതിനാൽ അച്ഛനാണ് പൊതുശ്മശാനത്തിൽ പോയി കുഞ്ഞിനെ സംസ്‌കരിച്ചത്’- സലീന പറയുന്നു.
ഭർത്താവ് സുമേഷിനും കുടുംബത്തിനും എതിരെ സംഗീതയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തീട്ടം ഇവരെ അറസ്റ്റ് ചെയ്യാനോ വേണ്ട നടപടി സ്വീകരിക്കാനോ പോലീസിനെയും തയ്യാറാകുന്നില്ലെന്നാണ് സംഗീതയുടെ കുടുംബത്തിൻറെ ആരോപണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്
Story Highlights: sangeetha underwent racial discrimination in husband home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here