Advertisement

ആരും കാണാതെ വാന്‍ഗോഗിന്റെ ഛായാചിത്രം ഒളിച്ചിരുന്നത് 137 വര്‍ഷം; ഒടുവില്‍ പുറത്തറിഞ്ഞത് എക്‌സ് റേ എടുത്തതോടെ

July 14, 2022
Google News 2 minutes Read

വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ക്കും വാന്‍ഗോഗിനെക്കുറിച്ചുള്ള കഥകള്‍ക്കും പുസ്തകങ്ങള്‍ക്കുമെല്ലാം ലോകമെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്. കാലത്തിന്റെ പരിധികളെപ്പോലും മറികടന്ന പ്രതിഭയാണ് വാന്‍ഗോഗ്. വാന്‍ഗോഗിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത ഒരു കൗതുകമുണര്‍ത്തുന്ന കാര്യം 137 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. ഇത് കണ്ടെത്തിയതിന്റെ പറഞ്ഞറിയിക്കാനാകാത്ത ത്രില്ലിലാണ് നാഷണല്‍ ഗാലറീസ് ഓഫ് സ്‌കോട്‌ലാന്‍ഡ്. (Hidden Van Gogh self-portrait discovered behind earlier painting)

ഒരു എക്‌സിബിഷന്റെ ഭാഗമായി വാന്‍ഗോഗിന്റെ പ്രശ്‌സ്തമായ പെയിന്റിംഗായ ഹെഡ് ഓഫ് എ പെസന്റ് വുമണ്‍ എന്ന ചിത്രം ഗാലറി അധികൃതര്‍ എക്‌സ് റേ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ കാര്യം കണ്ടെത്തിയത്. ഇതുവരെ ആരും കാണാത്ത വാന്‍ഗോഗിന്റെ സ്വന്തം ഛായാചിത്രം ഇതേ ചിത്രത്തിന്റെ മറുവശത്തെ കാര്‍ഡ്‌ബോര്‍ഡില്‍ കണ്ടെത്തി. ഗ്ലാസിനും കാര്‍ഡ് ബോര്‍ഡിനുമിടയ്ക്കായി അതേ ഗാലറിയില്‍ 137 വര്‍ഷക്കാലം ഈ അമൂല്യനിധി ഒളിച്ചിരിക്കുകയായിരുന്നെന്ന കാര്യം ഗാലറി അധികൃതരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.

താന്‍ ദരിദ്രനായിരുന്ന കാലത്ത് പണം ലാഭിക്കുന്നതിനായി വാന്‍ഗോഗ് ഓരേ ക്യാന്‍വാസുകള്‍ പലതവണ ഉപയോഗിച്ചിരിക്കാമെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള വിദഗ്ധര്‍ പറയുന്നു. ഇങ്ങനെ ക്യാന്‍വാസ് പുനരുപയോഗിച്ചതിലാകാം ഹെഡ് ഓഫ് എ പെസന്റ് വുമണിന്റെ മറുവശത്ത് വാന്‍ഗോഗിന്റെ സ്വന്തം ഛായാചിത്രം വന്നുപെട്ടതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചിത്രത്തിന്റെ മറുവശത്തുനിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രം പശ നീക്കം ചെയ്ത് വീണ്ടെടുക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതിനായി ഒരുങ്ങുകയാണ് നാഷണല്‍ ഗാലറീസ് ഓഫ് സ്‌കോട്‌ലാന്‍ഡ്.

Story Highlights: Hidden Van Gogh self-portrait discovered behind earlier painting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here