ഗൊതബയ രജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും

ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. സിംഗപ്പൂരിൽ തുടരുന്ന രജപക്‌സെ സൗദിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്. രജപക്‌സെയുടെ പകരക്കാരൻ ആരാകുമെന്നതിൽ അഭ്യൂഹം തുടരുകയാണ്. ( gotabaya rajapaksa official resignation today )
മാലിദ്വീപിൽ നിന്ന് ഇന്നലെ സിംഗപ്പൂരിലെത്തിയ ഗോതബയ രജപക്‌സെ, പാർലിമെന്റ് സ്പീക്കർക്ക് രാജിക്കത്ത് ഇ മെയിൽ ചെയ്തതിരുന്നു. രാജിക്കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച സ്പീക്കറുടെ ഓഫീസ് പക്ഷേ, രാജി അംഗീകരിച്ചതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇ മെയിൽ വഴിയുളള രാജി ആയതിനാൽ അതിൻറെ സാധുതയും നിയപരമായ നിലനിൽപ്പും പരിശോധിക്കുന്നതിനാലാണ് ഔദ്യോഗിക രാജി പ്രഖ്യാപനം വൈകിയത്. ഇന്ന് രാവിലെ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ആരാകും രജപക്‌സെയുടെ പിൻഗാമി എന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. താത്കാലിക ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രസിഡൻറ് സ്ഥാനത്ത് തുടരാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ജനങ്ങൾ. പ്രതിഷേധക്കാർക്ക് സമ്മതനായ ഫീൽഡ് മാർഷൽ ശരത് ഫോൻസേഖ പ്രസിഡൻറ് സ്ഥാനത്തേക്ക് വരാനുളള സാധ്യതയുമേറെയാണ്.
Read Also: ‘കാത്തിരുന്ന് നിരീക്ഷിക്കുക’; ശ്രീലങ്കന്‍ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ചൈന
അതിനിടെ, വൈകാതെ സുസ്ഥിര സർക്കാർ ചുമതലയേറ്റില്ലെങ്കിൽ രാജ്യം അതി ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ മുന്നറിയിപ്പ് നൽകി. സാമ്പത്തിക പ്രതിസന്ധിയും ജീവിത സാഹചര്യവും കൂടുതൽ മോശമാകുമെന്നതിൻറെ സൂചനയാണ് ഗവർണറുടെ വാക്കുകളെന്ന് വിലയിരുത്തലുണ്ട്. തൻറെ പിൻഗാമിക്കായി ചർച്ചകൾ തുടരുമ്പോൾ, സിംഗപ്പൂരിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുളള തയ്യാറെടുപ്പിലാണ് രജപക്‌സെ എന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. സൗദിയിലേക്ക് കടക്കുമെന്നാണ് സൂചന. സിംഗപ്പൂർ രാഷ്ട്രീയാഭയം നിഷേധിച്ച സാഹചര്യത്തിലാണ് രജപക്‌സെയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: gotabaya rajapaksa official resignation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here