Advertisement

ചന്ദ്രശേഖരനും ഭാര്യക്കും വന്നുപെട്ട “വിധി”യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലത്രേ; ഫെയ്സ് ബുക്ക് പോസ്റ്റുമായി വി.ടി. ബെൽറാം

July 15, 2022
Google News 4 minutes Read
MM Mani's controversial statement against KK Rema; VT Balram with Facebook post

കെ.കെ. രമയ്ക്കെതിരെ മുൻമന്ത്രി എം.എം. മണി നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ചുകൊണ്ട് മുൻ എം.എൽ.എ വി.ടി. ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിപിഐഎം പറഞ്ഞുകൊണ്ടിരിക്കുന്നത് ഏതോ ഒരു ചന്ദ്രശേഖരനും അയാളുടെ ഭാര്യക്കും വന്നുപെട്ട “വിധി”യിൽ പാർട്ടിക്ക് ഒരു പങ്കുമില്ല എന്നാണ്!. സിപിഐഎം രാഷ്ട്രീയ എതിരാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പാർട്ടി കോടതി ‘വിധി’കളല്ല, കൊടും ക്രിമിനലുകളെ ശിക്ഷിക്കുന്ന തരത്തിൽ ഇന്ത്യൻ നീതിന്യായ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന യഥാർത്ഥ കോടതി വിധികളാണ് നാം ഉയർത്തിപ്പിടിക്കേണ്ടതെന്നും വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ( MM Mani’s controversial statement against KK Rema; VT Balram with Facebook post )

” സിപിഐ(എം) അനുഭാവികളായ പന്ത്രണ്ട് പ്രതികളെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ചിട്ടുണ്ട്. നിയമസഭയിൽ രേഖാമൂലം ഇക്കാര്യം സമ്മതിച്ചിരിക്കുന്നത് കേരള മുഖ്യമന്ത്രിയാണ്. ഇതിൽപ്പെട്ട ഒരു ക്രിമിനൽ മരിച്ചപ്പോഴാണ് ഇതേ കേരള മുഖ്യമന്ത്രിയടക്കമുള്ള സിപിഐ(എം) നേതാക്കൾ മുഴുവൻ അയാളെ പ്രകീർത്തിച്ച് വാഴ്ത്തുപാട്ടുകൾ പാടിയത്. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി ആയിരക്കണക്കിന് പാർട്ടിക്കാരെ വച്ച് അയാൾക്ക് അന്ത്യാഞ്ജലി ഉറപ്പുവരുത്തിയത്.

Read Also: ഇത് കൊന്നിട്ടും തീരാത്ത പക; എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

ഇതിൽപ്പെട്ട മറ്റൊരു ക്രിമിനലിന്റെ വിവാഹമാണ് സിപിഐ(എം) എംഎൽഎയുടെ നേതൃത്ത്വത്തിൽ ആഘോഷപൂർവ്വം കൊണ്ടാടിയത്. ഇതിൽപ്പെട്ട ക്രിമിനലുകളെയാണ് മുടക്കോഴിമലകളിലും പാർട്ടി ഗ്രാമങ്ങളിലും സിപിഐ(എം) ഒളിപ്പിച്ചു വച്ചിരുന്നത്. ഇതിൽപ്പെട്ട ക്രിമിനലുകളെ പൊലീസ് പിടികൂടുമെന്ന ഘട്ടത്തിലാണ് “ഈ പാർട്ടി ഒരു തീപ്പന്തമാവു”മെന്ന് പ്രഖ്യാപിച്ച് അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കേരളം കത്തിക്കാനുള്ള കലാപാഹ്വാനം നടത്തിയത്.

ഇതിൽപ്പെട്ട ക്രിമിനലുകൾ അറസ്റ്റിലായപ്പോഴാണ് അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ച് സിപിഐ(എം)ന്റെ കേന്ദ്ര നേതാക്കളും ജനപ്രതിനിധികളും ദിവസേനെയെന്നോണം ജയിലുകൾ സന്ദർശിച്ചത്. ഇതിൽപ്പെട്ട ക്രിമിനലുകൾക്കാണ് സിപിഐ(എം) സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിരന്തരം വഴിവിട്ട് പരോളുകൾ അനുവദിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽപ്പെട്ട ക്രിമിനലുകളെയാണ് ശിക്ഷാ കാലാവധി ഇളവുചെയ്ത് എത്രയും പെട്ടെന്ന് പുറത്തുവിടാൻ സിപിഐ(എം) സർക്കാർ ഇപ്പോഴും നീക്കം നടത്തുന്നത്.

എന്നിട്ടിപ്പോഴും സിപിഐ(എം) പറഞ്ഞുകൊണ്ടിരിക്കുന്നത് ഏതോ ഒരു ചന്ദ്രശേഖരനും അയാളുടെ ഭാര്യക്കും വന്നുപെട്ട “വിധി”യിൽ പാർട്ടിക്ക് ഒരു പങ്കുമില്ല എന്നാണ്! സിപിഐ(എം) രാഷ്ട്രീയ എതിരാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന പാർട്ടി കോടതി ‘വിധി’കളല്ല, കൊടും ക്രിമിനലുകളെ ശിക്ഷിക്കുന്ന തരത്തിൽ ഇന്ത്യൻ നീതിന്യായ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന യഥാർത്ഥ കോടതി വിധികളാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. നാം എന്ന് പറഞ്ഞാൽ ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുള്ള നമ്മുടെ ഭരണാധികാരികളും ജനപ്രതിനിധികളും അടക്കം എന്നർത്ഥം”. – വി.ടി. ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: MM Mani’s controversial statement against KK Rema; VT Balram with Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here