Advertisement

ഇന്ന് ലോക പാമ്പ് ദിനം: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…

July 16, 2022
Google News 1 minute Read

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് ഈ ദിനം ആചരിക്കുന്നത്. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ ലോക സൃഷ്ടികളിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പാമ്പുകൾ. നീളമേറിയ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷമുള്ളതെന്നാണ് ചിലരുടെ ധാരണ, എന്നാൽ ഇത് തെറ്റാണ്.

ലോകത്തിലെ മൊത്തം പാമ്പുകളുടെ 7% മാത്രമേ വിഷമുള്ളവയുള്ളൂ. ബാക്കിയുള്ള 93% പാമ്പുകളും വിഷമില്ലാത്തവയാണ്. 3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതിൽ 600 ഓളം ഇനങ്ങൾ വിഷമുള്ളവയാണ്. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്.

പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ), അണലി. ഒരു രാജാവിനെപ്പോലെ, തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല മനസ്സറിഞ്ഞു കടിച്ചാൽ 20 – 25 മില്ലി വിഷം മിന്നൽ പോലെ രക്തം വഴി പടർന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. ഒരു ആനയെയോ 20 ആളുകളെയോ കൊല്ലാൻ അതു മതി.

1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു. വനത്തിന് പുറത്തു വച്ച് പാമ്പു കടിയേൽക്കുന്നവർക്കും മരിച്ചവരുടെ ആശ്രിതർക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകും.

Story Highlights: World Snake Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here