Advertisement

ബാലാമണിയമ്മയ്ക്ക് 113-ാം ജന്മവാർഷികം; ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ

July 19, 2022
Google News 2 minutes Read

മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. തന്റെ കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിന്റെ അഭിമാനമായി മാറിയ എഴുത്തുകാരി. മാതൃത്വത്തിന്റെ കവയിത്രി എന്നാണ് ബാലാമണിയമ്മ അറിയപ്പെട്ടിരുന്നത്. പിറന്നാൾ ദിനത്തിൽ ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെ ഗൂഗിൾ ഡൂഡിൽ ഒരുക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡിൽ ചിത്രീകരിച്ചത്.

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചു. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ്‌ മാതാപിതാക്കള്‍. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ സരസ്വതി സമ്മാൻ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ എന്നിവയുൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ബാലാമണി അമ്മ നേടിയിട്ടുണ്ട്.

ബാലാമണിയമ്മയ്ക്ക് ഔപചാരികമായ പരിശീലനമോ വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പകരം പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോനാണ് വീട്ടിൽ നിന്നുതന്നെ കവയത്രിയെ പഠിപ്പിച്ചത്. ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളുടെയും കൃതികളുടെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. 19-ാം വയസ്സിൽ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ വി.എം.നായരെ ബാലാമണിയമ്മ വിവാഹം കഴിച്ചു.

‘കൂപ്പുകൈ’ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ചായിരുന്നു ബാലാമണിയമ്മയുടെ ആദ്യകാല കവിതകൾ. പുരാണ കഥാപാത്രങ്ങളുടെ ആശയങ്ങളും കഥകളും സ്വീകരിച്ചായിരുന്നു കവിതകൾ രചിച്ചിരുന്നത്. അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ. അഞ്ചുവർഷത്തെ അൽഷിമേഴ്സ് രോഗത്തിനൊടുവില്‍, തന്റെ 95–ആം വയസ്സില്‍  2004 സെപ്റ്റംബർ 29-ന് അന്തരിച്ചു.

Story Highlights: Google Doodle celebrates Balamani Amma’s 113th birth anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here