Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (19-07-22)

July 19, 2022
5 minutes Read

‘കയ്യില്‍ ചുരുട്ടിപ്പിടിച്ച് പൊക്കോളാന്‍ പറഞ്ഞു’; നീറ്റ് പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ കൂടുതല്‍ പരാതികള്‍

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച് അടിവസ്ത്രമിടാന്‍ അനുവദിച്ചില്ലെന്നും കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു.(more complaints against kollam ayoor neet exam centre)

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ് ഞാൻ; സജി ചെറിയാൻ

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ് താനെന്ന് മുൻമന്ത്രി സജി ചെറിയാൻ. വിവാദ പ്രസ്താവനയിൽ നിയമസഭയിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിൻ്റെ ഉള്ളടക്കം. തൻ്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തിൽ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ( Saji Cheriyan explains the controversial statement about the Constitution )

ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം

മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി.

വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. കെ എസ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നീറ്റ് പരീക്ഷാ വിവാദം; കോളജിൽ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കൊല്ലം ആയൂർ മാർത്തോമാ കോളജിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനൽച്ചില്ലകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തിരുന്നു. മാത്രമല്ല സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തിൽ മാധ്യമപ്രവർത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. പൊലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ അകത്തുകയറിയത്. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺ​ഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. ( NEET exam controversy; police brutally beat up the students )

കുരങ്ങുപനി: അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കണമെന്ന് കേന്ദ്രം

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുന്നറിയിപ്പുമായി കേന്ദ്രം. മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ തുറമുഖങ്ങളോടും വിമാനത്താവളങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വിലക്കയറ്റത്തിനെതിരെ പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം

വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർദ്ധനയ്ക്കുമെതിരെ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പ്രതിഷേധം. “ഉയർന്ന പണപ്പെരുപ്പവും, വിലക്കയറ്റവും സാധാരണക്കാരെ മോശമായി ബാധിക്കുന്നു” എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ഇരുസഭയിലേയും കോൺഗ്രസ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറി

ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ശ്രീലങ്കന്‍ സുപ്രിംകോടതി തള്ളി.(sajith premadasa withdraw his candidacy in srilankan presidential election)

കെ.കെ. രമയെ അപമാനിച്ചിട്ടില്ല; കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം. മണി

കെ.കെ. രമയെ അപമാനിച്ചിട്ടില്ല, കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം.മണി എംഎൽഎ. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. കെ സുധാകരന്റെ മാപ്പു പറച്ചില്‍ കാര്യമാക്കുന്നില്ലെന്ന് എം എം മണി പറഞ്ഞു. മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കെ കെ രമയെ താന്‍ അപമാനിച്ചിട്ടില്ല. മഹതി എന്ന് പറഞ്ഞത് തെറ്റാണന്ന് കരുതുന്നില്ല. താന്‍ നിരീശ്വര വാദിയാണ്. വിധി എന്ന് പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഇനി പറയാനുള്ളത് നിയമസഭയിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു. (didnt insulted kk rema says mm mani)

രാജ്യത്ത് 15,528 പേർക്ക് കൊവിഡ്: 24 മണിക്കൂറിനിടെ 25 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 15,528 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 പേർ കൂടി രോഗം ബാധിച്ചു മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement