ശബരിനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി: വി.ഡി സതീശൻ

കെഎസ് ശബരിനാഥൻ്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരിനാഥിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത് എന്നും സതീശൻ വ്യക്തമാക്കി. (vd satheesan on ks sabarinathan)
“ശബരിനാഥനെ കള്ളക്കേസിൽ കുടുക്കി. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ലഭിച്ച കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. അദ്ദേഹത്തെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്. ഈ കേസിൽ ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞതാണ്. ആദ്യത്തെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഇതൊരു പ്രതിഷേധം മാത്രമായിരുന്നു. ഇതൊരു വധശ്രമമായിരുന്നില്ല എന്ന് കോടതി പറഞ്ഞു. എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരിനാഥിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത്. പ്രതിഷേധത്തിൻ്റെ ഭാഗമായി നടന്ന സമരമാണ്. ആ സമരം തീർച്ചയായും ഇനിയും തുടരും. അതിനെ ശ്രദ്ധ തിരിക്കാനുള്ള നിരവധി സംഭവങ്ങളുണ്ടായി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും എകെജി സെൻ്ററിൽ ഓലപ്പടക്കമെറിഞ്ഞതും സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതും എംഎം മണി സ്ത്രീത്വത്തെ അപമാനിച്ചതും എല്ലാം ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. പക്ഷേ, ഭൂമി ഉരുണ്ടതാണെന്ന് മാത്രം ഞാൻ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തുന്നു.”- വി.ഡി സതീശൻ പറഞ്ഞു.
Read Also: കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. മൊബൈൽ ഫോൺ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാക്കണം. റിക്കവർ ചെയ്യാൻ ആവശ്യപ്പെട്ടാൽ നൽകണമെന്നും ഉപാധിയിൽ കോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതൽ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുൻപിൽ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: vd satheesan on ks sabarinathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here