ആണുടുപ്പോ പെണ്ണുടുപ്പോ അല്ല; കോസ്റ്റ്യൂം ഡിസൈനിംഗില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന് മലയാളി

വസ്ത്രങ്ങളെ ജാതി, ലിംഗ വിവേചനങ്ങള്‍ക്കെതിരായ സമരായുധമാക്കിയ വലിയ ചരിത്രങ്ങള്‍ ഉള്ളില്‍ പേറുന്ന ജനതയാണ് മലയാളികള്‍. ജാതിവിവേചനത്തിന്റെ മതിലുകള്‍ക്കുള്ളിലും ലിംഗപദവിയുടെ കെട്ടുപാടുകള്‍ക്കുള്ളിലും ഓരോരുത്തരേയും സദാ സമയം അടയാളപ്പെടുത്തുന്നത് വസ്ത്രങ്ങളാണ്. ലിംഗനിരപേക്ഷതയുടെ ബാലപാഠങ്ങള്‍ മലയാള സമൂഹം പയ്യെ സ്വീകരിച്ചുതുടങ്ങുമ്പോള്‍ വസ്ത്രങ്ങളും ലിംഗനിരപേക്ഷമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉറപ്പോടെ സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ കൃഷ്ണ വിശ്വം. വസ്ത്രങ്ങളിലൂടെയും തന്റെ ഡിസൈനുകളിലൂടെയുമാണ് കൃഷ്ണ സംസാരിക്കുന്നത്. (Malayali costume designer’s stunning works of gender fluid dress)
ആണെന്നോ പെണ്ണെന്നോ മനസിലോ വസ്ത്രങ്ങളോ വ്യത്യാസമില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷ്ണ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ മനോഹരമായ ഫോട്ടോഗ്രാഫുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സംഗീത സംവിധാകയകന്‍ ഗോപി സുന്ദര്‍ അടക്കം പങ്കുവച്ച ചിത്രങ്ങള്‍ ശക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. സമൂഹം പറയുന്നതിനനുസരിച്ച് വസ്ത്രം ധരിക്കുന്നവര്‍ പിന്നീട് ജെന്‍ഡര്‍ ഫ്‌ലൂയിഡ് വസ്ത്രധാരണത്തിലേക്ക് മാറുന്നതും സമൂഹത്തിന്റെ അധിക്ഷേപത്തിനെതിരെ സധൈര്യം പ്രതിരോധം തീര്‍ത്ത് അവര്‍ ലിംഗനിരപേക്ഷ മനോഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് ചിത്രങ്ങളുടെ ഉള്ളടക്കം.




ചിത്രത്തിന്റെ ഒരു ഭാഗത്ത് സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പിന്നീട് പുരുഷന്‍ ധരിക്കുന്നതും തിരിച്ചും സംഭവിക്കുന്നതും ജെന്‍ഡര്‍ ഫ്‌ലൂയിഡ് എന്ന ആശയത്തെ പരമാവധി കാഴ്ചക്കാരിലേക്ക് എത്തിക്കുന്നുണ്ട്. നടിയായ അനഘ മേരി വര്‍ഗീസിനോട് കൃഷ്ണ തന്റെ ആശയം പറഞ്ഞപ്പോള്‍ അനഘ തനിക്ക് വളരെയധികം താല്‍പര്യമുണ്ടെന്ന് കൃഷ്ണയെ അറിയിക്കുകയായിരുന്നു. അനഘയ്ക്കും കൃഷ്ണയ്ക്കുമൊപ്പം അമര്‍നാഥ് അനിലുമാണ് ചിത്രങ്ങളിലുള്ളത്. റമീസ് രാജയാണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.


ആണുങ്ങളായാല്‍ കരയരുത്, പെണ്ണുങ്ങളായാല്‍ അടക്കവും ഒതുക്കവും വേണം തുടങ്ങി സമൂഹം അടിച്ചേല്‍പ്പിക്കുന്ന തെറ്റായ ധാരണകള്‍ കൊണ്ട് മനസുമടുത്താണ് താന്‍ ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കൃഷ്ണ പറയുന്നു. ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പോലും അവളുടെ വസ്ത്രത്തിന്റെ നീളം നോക്കി അത് അവളുടെ കുറ്റമാക്കാന്‍ ശ്രമിക്കുന്ന പുരുഷാധിപത്യത്തിനെതിരെയാണ് കൃഷ്ണ തന്റെ വേറിട്ട പ്രതിഷേധമറിയിക്കുന്നത്. പുരുഷാധിപത്യത്തിന്റെ ഇരകള്‍ സ്ത്രീകള്‍ മാത്രമാണെന്ന് കൃഷ്ണ കരുതുന്നില്ല. സമ്മര്‍ദവും വിഷാദവുമേറുമ്പോള്‍ ഒന്നുപൊട്ടിക്കരയാന്‍ പോലും സാധിക്കാത്ത പുരുഷന്മാരും ഇതേ പുരുഷാധിപത്യത്തിന്റെ ഇരകളാണെന്ന് ഇവര്‍ പറയുന്നു.


ലിംഗനിരപേക്ഷതയുടെ വ്യക്തമായ സന്ദേശം നല്‍കുന്നു എന്നത് മാത്രമല്ല കൃഷ്ണയുടെ വര്‍ക്കിന്റെ പ്രത്യേകത. കൃഷ്ണ പുതിയതായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളെല്ലാം മുന്‍പ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ ഭംഗിയായി റീവര്‍ക്ക് ചെയ്‌തെടുത്തതാണ്. ലോകത്തില്‍ ഏറ്റവുമധികം മാലിന്യമുണ്ടാക്കുന്ന രണ്ടാമത്തെ വ്യവസായം ഫാഷന്‍ ആണ്. തുണികളുടെ മാലിന്യങ്ങള്‍ പരിസ്ഥിതിയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ പരമാവധി കുറയ്ക്കുന്നതിനായി തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ പ്രീ ഓണ്‍ഡ് തുണികള്‍ പുനരുപയോഗിക്കുമെന്നാണ് കൃഷ്ണ പറയുന്നത്. ജീന്‍സ് ഉള്‍പ്പെടെ പ്രകൃതിയ്ക്ക് ഏറ്റവും ദോഷം ചെയ്യുന്ന തുണിത്തരങ്ങള്‍ പരമാവധി ഉപയോഗിക്കുമെന്നും കൃഷ്ണ പ്രതിജ്ഞ ചെയ്യുന്നു.



ബാംഗ്ലൂരിലെ ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം രണ്ട് വര്‍ഷക്കാലമായി കൊച്ചിയില്‍ കൃഷ്ണ കോസ്റ്റിയൂം ഡിസൈന്‍ രംഗത്ത് സജീവമാണ്. വസ്ത്രങ്ങള്‍ പാഴായി പോകുന്നതും അവ വലിയ മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കാനുള്ള ചില വിപുലമായ പദ്ധതികളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ കൃഷ്ണ. അഞ്ചോളം രീതികളില്‍ ഉപയോഗിക്കാനാകുന്ന ടോപ്പുകള്‍ നിര്‍മിക്കുന്നതിനുള്ള ചില ഡിസൈനുകളാണ് ഇപ്പോള്‍ കൃഷ്ണയുടെ മനസിലുള്ളത്. കോസ്റ്റിയൂം ഡിസൈനിംഗാണ് സമൂഹത്തോട് സംവദിക്കാനുള്ള തന്റെ ഭാഷയെന്ന് തിരിച്ചറിഞ്ഞ കൃഷ്ണ കൂടുതല്‍ വ്യത്യസ്തതകള്‍ തേടുകയാണ്…
Story Highlights: Malayali costume designer’s stunning works of gender fluid dress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here