ഇന്ത്യ- വിൻഡീസ് പര്യടനം നാളെ മുതൽ; സഞ്ജുവിന്റെ സാധ്യതകൾ വിരളം

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം നാളെ മുതൽ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു. (india west indies odi tomorrow)
ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.
Read Also: ‘വീട്ടിലേക്ക് മടങ്ങുന്നു’; പോസ്റ്റ് പങ്കുവച്ച് സഞ്ജു സാംസൺ
സഞ്ജുവിനുള്ള സാധ്യത നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. പാക്ക്ഡായ ടോപ്പ് ഓർഡറിൽ സഞ്ജു ഇടംപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇഷാൻ കിഷൻ്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് മലയാളി താരം ടീമിലെത്തിയത് എന്നതുകൂടി പരിഗണിക്കുമ്പോൾ കരിയറിലെ രണ്ടാം ഏകദിനം കളിക്കുക എന്നത് സഞ്ജുവിന് എളുപ്പമാവില്ല. മൂന്നാം നമ്പറിൽ സഞ്ജുവിന് നേരിയ സാധ്യത ഉണ്ടെങ്കിലും യുവതാരങ്ങളിൽ ഏറ്റവും ടാലൻ്റഡായ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി നിർത്താൻ മാനേജ്മെൻ്റ് തയ്യാറായേക്കില്ല. ഏകദിന സെറ്റപ്പിൽ കൂടി ഗിൽ കഴിവ് തെളിയിക്കേണ്ടത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെയും ആവശ്യമാണ്. ഗില്ലിനെ ഓപ്പണറാക്കിയാൽ കിഷൻ്റെ അവസരം നഷ്ടമാവും. അതുകൊണ്ട് തന്നെ കിഷൻ ഓപ്പണറായും ഗിൽ മൂന്നാം നമ്പറിലും കളിക്കുകയാണ് യുക്തി. ഷോർട്ട് ബോൾ ദൗർബല്യമുള്ള ശ്രേയാസ് അയ്യർക്ക് മുകളിൽ സഞ്ജുവിനെ പരിഗണിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ടെങ്കിലും അത് നടക്കാനിടയില്ല. ശ്രേയാസ് തന്നെ നാലാം നമ്പറിൽ കളിക്കാനാണ് സാധ്യത. മിന്നും ഫോമിലുള്ള ദീപക് ഹൂഡയെ ഒഴിവാക്കിയേക്കില്ല. സൂര്യകുമാർ യാദവും പുറത്തിരിക്കില്ല. അതുകൊണ്ട് തന്നെ സഞ്ജു പുറത്തിരിക്കേണ്ടിവന്നേക്കും.
Story Highlights: india west indies odi from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here