Advertisement

‘അഭിമാനമായി ‘അയ്യപ്പനും കോശിയും’; നോവായി സച്ചി

July 22, 2022
Google News 4 minutes Read

മികച്ച സംവിധായകനും സഹനടനും അടക്കം നാല് പുരസ്കാരങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അയ്യപ്പനും കോശിയും നേടിയെടുത്തത്. ഈ നിമിഷത്തിൽ മലയാളത്തിന്റെ അഭിമാനത്തിളക്കത്തിലും നൊമ്പരമായി മാറിയിരിക്കുകയാണ് സച്ചിയുടെ വേർപാട്. വാണിജ്യ സിനിമയുടെ നിലവാരം ഉയർത്തിയ കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ സച്ചിയുടെ ഓര്‍മകളാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മലയാളികളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി. വക്കീല്‍ ജോലിയില്‍ നിന്ന് സിനിമാ ലോകത്തേയ്‍ക്ക് എത്തിയ ചലച്ചിത്രകാരൻ. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം.

നല്ല സിനിമകളെ അടുത്തറിഞ്ഞതുപോലെ സിനിമയുടെ കച്ചവടചേരുവകളെയും അടുത്തറിഞ്ഞ സിനിമക്കാരനായിരുന്നു സച്ചി. സച്ചി- സേതു എന്നായിരുന്നു വെള്ളിത്തിരയില്‍ ആദ്യം തെളിഞ്ഞത്. 2007ൽ പുറത്തിറങ്ങിയ ‘ചോക്ലേറ്റി’ലൂടെയാണ് സച്ചി സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടംപിടിച്ചു. ‘റോബിൻ ഹുഡ്’, ‘മേക്കപ് മാൻ’, ‘സീനിയേഴ്‍സ്’, തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി.

എന്നാൽ സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്‍തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 2012ൽ ‘റണ്‍ ബേബി റണ്‍’ എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ ‘ചേട്ടായീസി’ൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ ‘അനാർക്കലി’ എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം ‘അയ്യപ്പനും കോശി’യും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചു.

Read Also: ആണത്തത്തിന്റെ ആഘോഷമായ അയ്യപ്പനും കോശിയും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്

സച്ചി തന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന സിനിമകൾ സംവിധാനം ചെയ്യാൻ ബാക്കിവച്ചാണ്‌ അകാലത്തിൽ മടങ്ങിയത്‌. വാണിജ്യസിനിമയുടെ ശക്തനായ വക്താവായിരിക്കുമ്പോഴും കലാമൂല്യമുള്ള സിനിമകളെയാണ്‌ അദ്ദേഹം ഹൃദയത്തിൽ ചേർത്തിരുന്നത്‌. സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്‍ 48-ാം വയസ്സില്‍ പൊടുന്നനെ മാഞ്ഞുപോയത്. എല്ലാ അർത്ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ‘അയ്യപ്പനും കോശിയും.

Story Highlights: Sachy bags the award for best direction posthumously

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here