എകെജി സെൻറർ ആക്രമണം: സിപിഐഎമ്മിനെ സംശയിച്ച് സിപിഐ

എ.കെ.ജി സെൻറർ ആക്രമണത്തിൽ സിപിഐഎമ്മിനെ സംശയിച്ച് സിപിഐ. ഓഫീസ് ആക്രമണം പൊലീസിന്റെ സഹായത്തോടെ പാർട്ടി നടപ്പാക്കിയതെന്ന് വിമർശനം. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കുന്ന അതിരൂക്ഷ വിമർശനം ഉയർന്നത്.
പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന പ്രതികരണമാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉണ്ടായത്. സിപിഐഎമ്മിന് നേരെയുള്ള ആരോപണങ്ങൾ വിവാദങ്ങൾ എന്നിവ, വഴി തിരിച്ചുവിടാൻ പാർട്ടി തന്നെ നടപ്പിലാക്കിയ ആസൂത്രിത നീക്കമാണ് എ.കെ.ജി സെൻറർ ആക്രമണം. പൊലീസുമായി ചേർന്ന് സിപിഐഎം ഗൂഢാലോചന നടത്തിയെന്നും അംഗങ്ങൾ സംശയിക്കുന്നു.
ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്ന് സമ്മേളനത്തിൽ ചോദ്യം ഉയർന്നു. പാർട്ടിയുടെ പങ്ക് ആക്രമണത്തിന് പിന്നിൽ ഉണ്ടെന്ന് പൊതു ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. നേരത്തെ കാനം രാജേന്ദ്രന് നേരെയും രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. എം.എം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ മൗനം പാലിച്ചത് ശരിയായില്ല. ആനിരാജയെ പിന്തുണയ്ക്കാത്തത് തെറ്റായെന്നും വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും വിമര്‍ശനമുയര്‍ന്നു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷമുഖമല്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.
Story Highlights: AKG Center attack: CPI suspects CPI(M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here