ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസം: നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം മനസുതുറന്നത്. ലോക ചാമ്പ്യൻഷിപ്പുകളിൽ കടുത്ത മത്സരങ്ങളുണ്ടാവുമെന്നും ഒളിമ്പിക്സിനെക്കാൾ ഉയർന്ന റെക്കോർഡുകളാണ് ലോക ചാമ്പ്യൻഷിപ്പിൽ പിറക്കുന്നത് എന്നും നീരജ് പറഞ്ഞു. (neeraj chopra athletics championship olympics)
“ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനായത് വലിയ ബഹുമതിയാണ്. അത്‌ലറ്റുകൾക്ക് ഏറെ പ്രാധാന്യമുള്ള ടൂർണമെന്റാണ് ഇത്. ലോക ചാമ്പ്യൻഷിപ്പുകളിൽ കടുത്ത മത്സരങ്ങളുണ്ടാവും. ഒളിമ്പിക്‌സിനേക്കാൾ കഠിനമാണ്. ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ഒളിമ്പിക്‌സിലെ റെക്കോർഡുകളെക്കാൾ ഉയർന്നതാണ്. ഈ വർഷം നോക്കുകയാണെങ്കിൽ, താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സംഘത്തിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചതിൽ സന്തോഷം. പലരും ഫൈനലിൽ പ്രവേശിച്ചു, ഇത് ഇന്ത്യൻ അത്‌ലറ്റിക്‌സിന് നല്ല തുടക്കമാണെന്ന് ഞാൻ കരുതുന്നു. വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ ഞങ്ങളുടെ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”- നീരജ് ചോപ്ര പറഞ്ഞു.
Read Also: ‘ഇന്ത്യൻ കായികചരിത്രത്തിലെ സവിശേഷ നിമിഷം’; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
“കാണുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും 90 മീറ്റർ കടക്കാൻ ആൻഡേഴ്സൺ വലിയ പരിശ്രമം നടത്തിയിരിക്കണം. 90 മീറ്ററിന് മുകളിൽ ഒട്ടേറെ മികച്ച ത്രോകൾ എറിയുന്ന അദ്ദേഹം ഈ വർഷത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം കഠിനാധ്വാനം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് നല്ലതാണ്. കാരണം, എനിക്ക് എതിരാളി ആയിരിക്കുന്നു. മത്സരം കഠിനമായിരുന്നു. മത്സരാർത്ഥികൾ നല്ല ശരാശരിയിൽ എറിഞ്ഞു. അത് വെല്ലുവിളിയായി. ഇന്ന് ഞാൻ ഒരുപാട് പഠിച്ചു. സ്വർണ്ണത്തിനായുള്ള വിശപ്പ് തുടരും. എല്ലായ്പ്പോഴും നമുക്ക് സ്വർണ്ണം നേടാനാവില്ലെന്ന് ഞാൻ മനസ്സിലാക്കണം. എനിക്ക് കഴിയുന്നത് ഞാൻ ചെയ്യും, പരിശീലനത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.”- നീരജ് പറഞ്ഞു.
ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സൻ സ്വർണം നിലനിർത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ലും പീറ്റേഴ്സണായിരുന്നു സ്വർണം. അക്കൊല്ലം 86.89 മീറ്റർ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സൻ സ്വർണം നേടിയത്.
Story Highlights: neeraj chopra world athletics championship olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here