‘ഇന്ത്യൻ കായികചരിത്രത്തിലെ സവിശേഷ നിമിഷം’; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യൻ കായികചരിത്രത്തിലെ സവിശേഷ നിമിഷമാണെന്ന് മോദി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇന്ന് നീരജ് ചോപ്ര നേടിയത്. (neeraj chopra silver athletics championships)
ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സൻ സ്വർണം നിലനിർത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ലും പീറ്റേഴ്സണായിരുന്നു സ്വർണം. അക്കൊല്ലം 86.89 മീറ്റർ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സൻ സ്വർണം നേടിയത്.
Read Also: ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര; അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി
ഈ വർഷത്തെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം കൂടിയാണിത്. അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ ആദ്യ വെള്ളി മെഡൽ, അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ചരിത്രത്തിലൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരം തുടങ്ങിയ റെക്കോർഡുകളും നീരജ് സ്വന്തമാക്കി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ.
89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വർണ മെഡൽ സാധ്യതയുണ്ടായിരുന്നുള്ളൂ. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10-ാം സ്ഥാനത്തോടെ മെഡൽ പോരാട്ടത്തിൽനിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റർ കണ്ടെത്തിയത്.
Story Highlights: neeraj chopra won silver medal world athletics championships
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here