‘ഞാൻ ചതിക്കപ്പെട്ടു, എനിക്കിനി ഒന്നും ചെയ്യാനില്ല’; ഓൺലൈൻ റമ്മി കളിച്ച് കടക്കെണിയിലായ യുവാവിന്റെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങൾ പൊതുജനത്തിന് ഒരു താക്കീത്

ഓൺലൈൻ റമ്മിയിൽ തലവെച്ചു കടബാധ്യത മൂലം തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് ആത്മഹത്യ ചെയ്തത് 2021 ഡിസംബർ 31ന്. വിനീതിന്റെ മാതാപിതാക്കൾ ഇപ്പോഴും തോരാകണ്ണീരിലാണ്. ഓൺലൈൻ റമ്മി കളി മൂലം വരുത്തി വെച്ച കടബാധ്യത തീർക്കാൻ പരമാവധി ശ്രമിച്ചിട്ടും മകനെ നഷ്ടമായി. തീരാകടത്തിൽ ജീവിക്കുന്ന ഒരു അച്ഛനും അമ്മയും തലയുയർത്താൻ കഴിയാത്ത ചൂതാട്ടക്കയത്തിലാണ് ഇന്ന്. ( vineeth lost life playing online rummy )
കുറ്റിച്ചൽ സ്വദേശി വിഎസ് വിനീത്. വയസ് 27. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരൻ. പൊലീസ് റാങ്ക് പട്ടികയിൽ പേര്….പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുമ്പോൾ വിനീതിന്റെ കടബാധ്യത 22 ലക്ഷം രൂപ.
മകൻ ഓൺലൈൻ റമ്മിയുടെ അടിമയാണെന്നു ഈ മാതാപിതാക്കൾ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.ഒരു കുഴപ്പവുമില്ലാത്ത മകൻ പെട്ടെന്ന് കോട്ടയത്തേക്ക് ഒളിച്ചോടി പോകുന്നു. പിന്നാലെയാണ് ആ യാഥാർഥ്യം മാതാപിതാക്കൾ അറിയുന്നത്.
‘ ഒരു ദിവസം പെട്ടെന്ന് കാണാതായി. സ്റ്റേഷനുമായിട്ട് ബന്ധപ്പെട്ട് ശേഷം അവനെ കണ്ടെത്തി. അങ്ങനെയാണ് ഓൺലൈൻ കളിയിൽ നിന്ന് ഇങ്ങനെ പൈസ പോയെന്ന് അറിയുന്നത്’- അച്ഛൻ പറയുന്നു.
ഓൺലൈനിൽ റമ്മി കളിച്ചു തുടങ്ങിയത് ലോക്ക്ഡൗൺകാലത്ത്.. 22 ലക്ഷം രൂപയുടെ കടബാധ്യത അതും 27 ആം വയസ്സിൽ…സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും പണവും പണ്ടങ്ങളും വാങ്ങി വിനീത് റമ്മി കളിച്ചു
മകനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ പല വഴിക്കും അച്ഛനും അമ്മയും ശ്രമിച്ചതാണ്.അടിയന്തിരമായി നൽകേണ്ട കടം വീട്ടാൻ പലരിൽ നിന്നും പണം വാങ്ങി..തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വർണ്ണം മുഴുവൻ വിറ്റു..വീട് വിൽക്കാൻ വരെ തയ്യാറായിരുന്നു ഈ മാതാപിതാക്കൾ…പക്ഷേ അപ്പോഴേക്കും വിനീത് ഉയിരെടുക്കുന്ന ചൂതാട്ടക്കയത്തിൽ മുങ്ങി താണിരുന്നു.
‘രണ്ടര പവന്റെ ഒരു മാല, കമ്മൽ എന്നിവയെല്ലാം അവന് കൊടുത്തതാണ്. ഞാൻ തൊഴിലുറപ്പിന് പോയി ഉണ്ടാക്കിയതാണ്. അതെല്ലാം അവൻ കൊണ്ടുപോയി വിറ്റ് കളിച്ചു’- അമ്മ പറയുന്നു.
2021 ഡിസംബർ 31ന് വിനീത് ആത്മഹത്യ ചെയ്തു…ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നത് ഇങ്ങനെ ‘ഞാൻ ചതിക്കപ്പെട്ടു,എനിക്കിനി ഒന്നും ചെയ്യാനില്ല
ലക്ഷങ്ങളുടെ കടക്കെണിയിലും മകനെ തിരികെ കൊണ്ട് വരാൻ ശ്രമിച്ച രണ്ടു മാതാപിതാക്കൾ…മകൻ മടക്കി കൊടുത്തതാകട്ടെ…നിത്യവേദനയും..ഒരിക്കലും തീരാത്ത കടങ്ങളും…ഇനിയുമെത്ര കുടുംബങ്ങൾ ഈ ചൂതാട്ടത്തിനു ജീവിതം കൊടുക്കേണ്ടി വരും.
Story Highlights: vineeth lost life playing online rummy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here