‘ഇതുപോലൊരു താരം ഒരു തലമുറയിൽ ഒന്നേയുണ്ടാവൂ’; ഷഫാലി വർമയെ പുകഴ്ത്തി മിതാലി

കൗമാര താരം ഷഫാലി വർമയെ പുകഴ്ത്തി ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്. ഷഫാലിയെപ്പോലെയുള്ള താരങ്ങൾ ഒരു തലമുറയിൽ ഒന്നേയുണ്ടാവൂ എന്ന് മിതാലി പറഞ്ഞു. താൻ ഷഫാലിയുടെ ഒരു ആരാധികയാണ്. ലോകത്തിലെ ഏത് ടീമിനെതിരെയും ഇന്ത്യയെ ഒറ്റക്ക് വിജയിപ്പിക്കാൻ ഷഫാലിക്ക് സാധിക്കുമെന്നും മിതാലി പറഞ്ഞു. (mithali raj shafali verma)
“ഞാൻ അവളുടെ വലിയ ഒരു ആരാധികയാണ്. ഏത് ടീമിനെതിരെയും ഇന്ത്യക്ക് ഒറ്റക്ക് വിജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് ഷഫാലി. ഇതുപോലൊരു താരം ഒരു തലമുറയിൽ ഒന്നേയുണ്ടാവൂ. ഇന്ത്യൻ റെയിൽവേസിനെതിരെ ഷഫാലി കളിച്ച ഒരു ആഭ്യന്തര മത്സരം ഞാൻ കണ്ടിരുന്നു. ആ കളിയിൽ ഷഫാലി ഒരു ഫിഫ്റ്റിയടിച്ചു. ആ ഒരു ഇന്നിംഗ്സ് കൊണ്ട് ഒരു കളി മുഴുവൻ മാറ്റാൻ ഷഫാലിക്ക് കഴിയുമെന്ന് ആ ഇന്നിംഗ്സോടെ ഞാൻ മനസ്സിലാക്കി. വെലോസിറ്റിക്കായി കളിച്ചപ്പോൾ എൻ്റെ ടീമിലായിരുന്നു ഷഫാലി. അന്ന് അവളുടെ കരുത്ത് ഞാൻ കണ്ടു. അനായാസം സിക്സറടിക്കാനുള്ള കഴിവ് ആ പ്രായത്തിൽ അങ്ങനെ കാണാറില്ല.”- മിതാലി പറഞ്ഞു.
Read Also: വിരമിക്കൽ പിൻവലിക്കുന്നു; വനിതാ ഐപിഎൽ കളിച്ചേക്കുമെന്ന് മിതാലി രാജ്
ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചേക്കുമെന്ന സൂചനയും മിതാലി രാജ് നൽകി. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നും ടൂർണമെൻ്റിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി രാജ് പറഞ്ഞു.
“ഞാൻ അതൊരു സാധ്യതയായി നിലനിർത്തുകയാണ്. ഇതുവരെ അതിൽ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎൽ ആരംഭിക്കാൻ ഇനിയും ചില മാസങ്ങൾ കൂടിയുണ്ട്. വനിത ഐപിഎലിൻ്റെ ആദ്യ പതിപ്പിൽ കളിക്കാനാവുക മികച്ച അനുഭവമായിരിക്കും.”- മിതാലി പറഞ്ഞു.
അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.
Story Highlights: mithali raj on shafali verma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here