Advertisement

ഡി.പി.എൽ പരസ്യപ്പെടുത്തൽ; ജനങ്ങളുടെ അഭിപ്രായം തേടി ഫെയ്സ് ബുക്ക് പോസ്റ്റുമായി മന്ത്രി മുഹമ്മദ് റിയാസ്

July 26, 2022
Google News 4 minutes Read
DPL, Minister PA Muhammad Riyas with a Facebook post seeking people's opinion

ഡി.പി.എൽ പരസ്യപ്പെടുത്തലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിൽ ഡി.പി.എൽ ബോർഡുകൾ പരസ്യമായി സ്ഥാപിക്കണമെന്ന തീരുമാനം കൈക്കൊള്ളാനിടയാക്കിയ സാഹചര്യവും അതിന്റെ ​ഗുണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 2021 ഡിസംബർ 4 മുതലാണ് ഡി.പിഎൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഓരോ റോഡിന്റെയും പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നത് ഏറെ ​ഗുണകരമാണ്. പരിപാലന കാലാവധിയിലുള്ള പ്രവൃത്തികളിൽ കരാർ കാലാവധിയും കരാറുകാരുടെ പേരും ഫോൺ നമ്പറും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും പരസ്യപ്പെടുത്തുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“ജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണ്”
DLP പരസ്യപ്പെടുത്തൽ

പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് താഴെ എഴുതിയത് വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം, വിമർശനം, നിർദ്ദേശം എന്നിവ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടനെ തന്നെ കൊല്ലം ജില്ലയിൽ തകർന്ന ഒരു റോഡിനെ കുറിച്ച് പരാതി ലഭിച്ചിരുന്നു.അധികം വൈകാതെ കൊല്ലത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കുവാൻ പോയപ്പോൾ പരാതി ലഭിച്ച ഇടം നേരിൽ പോയി കണ്ടിരുന്നു. നിർമാണം കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുൻപേ തന്നെ റോഡ് തകർന്നിരുന്നു. ആ സന്ദർശനത്തിൽ ചില കാര്യങ്ങൾ ബോധ്യപ്പെട്ടു.
ആ ബോധ്യമാണ് പിന്നീട് കേരളത്തിൽ ഡി.എൽ.പി ബോർഡുകൾ പരസ്യമായി സ്ഥാപിക്കണമെന്ന തീരുമാനം കൈക്കൊള്ളാൻ ഇടയാക്കിയത്. ഡിസംബർ 4 2021 മുതൽ ഡി.പിഎൽ ബോർഡുകൾ സ്ഥാപിച്ചു.

എന്താണ് DLP (Defect Liability Period) ?

പൊതുമരാമത്ത് പ്രവൃത്തികളുടെ നിർമാണം കഴിഞ്ഞ് നിശ്ചിത കാലം പരിപാലന കാലാവധിയാണെന്ന് സമൂഹം ഇനിയുമേറെ അറിയേണ്ടതുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. ജനങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നത് തെറ്റായ പ്രവണതകൾ കുറക്കുവാൻ സഹായകരമാകും.
പി.ഡബ്യൂ.ഡി മാന്വലിലും സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റിലും ഡി.പിഎല്ലിനെ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ചെലവേറിയതും ഉയർന്ന ഗുണനിലവാര നിർമ്മാണരീതിയുമായ BM& BC റോഡ് മൂന്ന് വർഷം, അല്ലാത്ത റോഡുകൾ രണ്ട് വർഷം, പാലങ്ങൾ അഞ്ച് വർഷം, കെട്ടിടങ്ങൾ അഞ്ചു വർഷം എന്നിങ്ങനെയാണ് പരിപാലന കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരീയഡ്).

PWD മാന്വൽ പ്രകാരം DLP യിൽ എന്തെങ്കിലും അറ്റകുറ്റപ്പണി വേണ്ടി വന്നാൽ അത് അപ്പോൾ തന്നെ പരിശോധിച്ച് ചെയ്യുന്ന കരാറുകാരുണ്ട്. ഡി.എൽ.പി യിൽ അറ്റകുറ്റപ്പണി വേണ്ടി വന്നാൽ കരാറുകാർ അത് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ ഇതിൽ വീഴ്ച്ച വരുത്തുന്ന കരാറുകാരും ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരം വീഴ്ച്ചകൾ കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്നു. റോഡ് തകറാറാകുന്നു, ജനങ്ങൾ പ്രയാസമനുഭവിക്കുന്നു.

Read Also: നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ; യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കരാറുകാരുടെ ചിലവിൽ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം കുറെ കാലം കഴിഞ്ഞ് സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. ദീർഘകാലം ആ റോഡ് തകരാറായി കിടക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നായിരുന്നു ആലോചിച്ചത്. ഓരോ റോഡിന്റെയും പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിലൂടെ ഇത് ഏറെക്കുറെ പരിഹരിക്കാനാകും എന്ന് ബോധ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പരിപാലന കാലാവധിയിലുള്ള പ്രവൃത്തികളിൽ കരാർ കാലാവധിയും കരാറുകാരുടെ പേരും ഫോൺ നമ്പറും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥർ ഒരു സമയം കഴിഞ്ഞാൽ സ്ഥലം മാറ്റം ലഭിച്ച് പോകും എന്നാൽ അതത് സ്ഥാനങ്ങളിലെ ഔദ്യോഗിക ഫോൺ നമ്പറിൽ മാറ്റം വരില്ല. അതു കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ മാത്രം പരസ്യപ്പെടുത്തിയത്.

ഇത് തുടക്കത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ചില എതിർപ്പുകൾ ഉണ്ടായി പക്ഷേ ഇതിൽ കർക്കശ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയി. ഭരണ-പ്രതിപക്ഷ നേതാക്കൻമാരുമായെല്ലാം ചർച്ച നടത്തി കേരളത്തിലെ എല്ലാ വിംഗുകളിലുമായി 3142 ഡി.എൽ.പി ബോർഡുകൾ ഡിസംബർ 2021ൽ സ്ഥാപിച്ചു. പൊതു മരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ ചുവടുവെപ്പായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമടക്കം എല്ലാ കക്ഷി നേതാക്കൻമാരും സഹകരിച്ചു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എം.എൽ.എമാർ തന്നെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

“ജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണ്”എന്ന് എഴുതി, ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകളടങ്ങുന്ന പച്ച നിറത്തിലുള്ള ബോർഡ് ഇന്ന് കേരളത്തിൽ വ്യാപകമായി കാണാൻ സാധിക്കും. ഈ ബോർഡു വെച്ച പൊതുമരാമത്ത് പ്രവൃത്തികൾക്ക് എന്തെങ്കിലും തരത്തിലുള്ള അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ, പരിപാലന കാലാവധിക്ക് അകത്തുള്ളവയാണെങ്കിൽ, ജനങ്ങൾക്ക് അപ്പോൾ തന്നെ ബന്ധപ്പെട്ട കരാറുകാരേയോ ഉദ്യോഗസ്ഥരേയോ വിവരം അറിയിക്കാനാകും. അതിന്റെ പരിപാലനം വേഗത്തിൽ ഉറപ്പു വരുത്താനും കഴിയും.

Read Also: ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം; കേരളാടൂറിസത്തിന് പുത്തനുണര്‍വാകുമെന്ന് പി.എ മുഹമ്മദ് റിയാസ്

അവരെ ബന്ധപ്പെട്ടിട്ടും പരിഹാരമായില്ലെങ്കിൽ വകുപ്പ് മേധാവിയെ അറിയിക്കുവാൻ ടോൾ ഫ്രീ നമ്പറും ബോർഡിലുണ്ട്. കാര്യക്ഷമമായ റോഡ് പരിപാലനം ഇതുവഴി സാധ്യമാകുന്നു എന്നാണ് ഈ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള അനുഭവം. ഡി.എൽ.പി ബോർഡുള്ള റോഡുകളിൽ അറ്റകുറ്റപ്പണി ആവശ്യമായെങ്കിൽ അത് നടത്തുവാൻ കരാറുകാരും ഉദ്യോഗസ്ഥരും ഇപ്പോൾ ജനങ്ങളുടെ കൂടി. സഹായത്തിൽ വേഗത്തിൽ ഇടപെടുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ അനുഭവം. ഇത് ഡി.എൽ.പി ബോർഡ് പരസ്യപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ്.

കേരളത്തിൽ റോഡുകളിൽ കുഴിയെന്നത് കാലാകാലമായുള്ള പ്രശ്നമാണ്. ഇത് പരിഹരിക്കാൻ പുതുതായി ചെയ്ത കാര്യങ്ങളിലൊന്നാണ് ഡി.എൽ.പി. ഇത്തരത്തിലുള്ള ചില പുതിയ ചുവടുവെപ്പുകളാണ് 2021 ജൂലൈ മാസത്തേക്കാൾ റോഡുകളിൽ തകരാറുകൾ കുറയ്ക്കാനായി എന്നത് വകുപ്പിന് വിലയിരുത്താനായത്. അടുത്ത വർഷം തകരാറായ റോഡുകളുടെ എണ്ണം ഇതിലും കുറക്കാനാകും. കേരളത്തിൽ 3ലക്ഷം കിലോമീറ്റർ റോഡുകളിൽ മുപ്പതിനായിരം കിലോമീറ്ററിനടുത്ത് റോഡുകൾ മാത്രമാണ് പൊതുമരാമത്ത് റോഡുകൾ. ഈ 30000 km റോഡുകളിൽ ഒരു കുഴി പോലും ഉണ്ടാകരുത് എന്നാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ ചുവടുവെപ്പുകൾ ഈ ലക്ഷ്യത്തിലേക്ക് വകുപ്പിനെ ഭാവിയിൽ എത്തിക്കും.

നിർമാണ സമയത്ത് ഗുണനിലവാരം ഉറപ്പു വരുത്താൻ കൂടി DLP പരസ്യപ്പെടുത്തൽ സംവിധാനം സഹായകമായി മാറിയിട്ടുണ്ട്. അതായത് നിർമാണ സമയത്ത് നന്നായി ശ്രദ്ധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടില്ലെങ്കിൽ പരിപാലന കാലാവധിയിൽ റോഡിന് തകരാറു സംഭവിച്ചാൽ തങ്ങളുടെ കൈയിൽ നിന്നും പണം ചിലവഴിച്ച് അതിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമെന്ന് നിർമാണം നടത്തുന്ന കരാറുകാർക്ക് ഇപ്പോൾ ബോധ്യമുണ്ട്. പിന്നീട് പ്രശ്നങ്ങൾ ഇല്ലാത്ത തരത്തിൽ പ്രവൃത്തികളിൽ ജാഗ്രത പാലിക്കുവാൻ കരാറുകാർ ശ്രദ്ധിക്കുന്നതിലും ഇത് സഹായിക്കുന്നുണ്ട്. ഇത്തവണ ഡി.എൽ.പി ബോർഡ് വെച്ച റോഡുകളിൽ കുഴികളാൽ ഉണ്ടാകാവുന്ന പ്രശ്നം വേഗത്തിൽ പരിഹരിക്കാനായത് ഏറെ സഹായകമായി. ജനങ്ങൾക്ക് കാര്യങ്ങൾ അറിയുവാനും ഇടപെടുവാനും ഇതിലൂടെ സാധിക്കുന്ന സ്ഥിതി വന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിൽ ഡിഫക്ട് ലയബിലിറ്റി പിരിയഡ് പരസ്യപ്പെടുത്തിയത് ഏറെ ഫലപ്രദമായ ഒരു പ്രവൃത്തിയായി കണക്കാക്കാനാകും.

Story Highlights: DPL, Minister PA Muhammad Riyas with a Facebook post seeking people’s opinion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here