റെനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് നരേന്ദ്രമോദി

ശ്രീലങ്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റെനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്രമസിംഗെയെ മോദി അഭിനന്ദിച്ചു എന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുന്നത് തുടരുമെന്ന് മോദി പറഞ്ഞു. (Modi Congratulates Ranil Wickremesinghe)
അനിശ്ചിതത്വങ്ങൾക്കും കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കുമിടെ ഈ മാസം 21നാണ് ശ്രീലങ്കൻ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡൻറായി എത്തുന്നത്. വോട്ടെടുപ്പിൽ 219ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. ആക്ടിംഗ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
Read Also: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ തന്ന; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുള്ളയാണ് വിക്രമസിംഗെ.
ശ്രീലങ്കയിൽ പുതിയ 25 അംഗ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകിയേക്കുമെന്നും സൂചനയുണ്ട്. ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള റെനിൽ വിക്രമസിംഗെ ആദ്യമായാണ് ശ്രീലങ്കയുടെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. എന്നാൽ റെനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പ്രക്ഷോഭകർ അറിയിക്കുന്നത്.
ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുന്നത്. വിക്രമസിംഗെക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രജപക്‌സെ കുടുംബത്തിന്റെ തുടർച്ചയായിരിക്കും റെനിൽ എന്നുള്ളതാണ് പ്രക്ഷോഭകാരികൾ ചൂണ്ടിക്കാട്ടുന്നത്. റെനിലിനെ പിന്തുണച്ച എംപിമാർക്കെതിരെയും പ്രതിഷേധം ഉയർന്നേക്കും. പ്രതിഷേധം രൂക്ഷമായാൽ അടിച്ചമർത്താനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വേണ്ടിവന്നാൽ, ഏറ്റുമുട്ടലിന് തയ്യാറാണെന്ന നിലപാടിലാണ് വിദ്യാർത്ഥികളും പ്രൊഫഷണലുകളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രക്ഷോഭകാരികൾ.
പ്രക്ഷോഭം നടത്തുന്നവർ രാജ്യത്തിൻറെ പ്രസിഡൻറിൻറെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Highlights: Modi Congratulates Ranil Wickremesinghe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here