Advertisement

സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിയന്ത്രണം; കേന്ദ്രം പുനപരിശോധന നടത്തില്ല

July 27, 2022
Google News 2 minutes Read
Credit limit regulation states

സംസ്ഥാനങ്ങ ളുടെ വയ്പ്പാ പരിധിക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുനുള്ള തീരുമാനത്തിൽ കേന്ദ്രം പുനപരിശോധന നടത്തില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. സംസ്ഥാനങ്ങളുടെ ധനക്കമ്മി മൂന്ന് ശതമാനമായി നിജപ്പെടുത്തണമെന്നതാണ് 15ആം ധന കമ്മീഷന്റെ പ്രധാന നിർദ്ദേശം. (Credit limit regulation states)

അർഹതപ്പെട്ട പദ്ധതി വിഹിതം സംസ്ഥാനങ്ങൾക്ക് വേട്ടിച്ചുരുക്കുന്നു എന്നതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതി.

Read Also: വായ്പാ പരിധി കുറച്ച നീക്കം; കേന്ദ്രത്തിന് കത്തയച്ച് കേരളം

ബഡ്ജറ്റ് നിബന്ധനകളെ മറികടന്ന് കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമത്തെ ആണ് തങ്ങൾ എതിർക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലെ വിശദീകരണം. ബഡ്ജറ്റിന് പുറത്തുള്ള സംവിധാനങ്ങൾ വഴി കൈപ്പറ്റുന്ന വായ്പകളുടെ ബാധ്യതയും സംസ്ഥാനത്തിന്റെ കണക്കിൽ തന്നെ കൂട്ടാനെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ ധന കമ്മി ഇപ്പോൾ തന്നെ 3% ആയി നിജപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വ്യവസ്ഥാ വിരുദ്ധമായി കടമെടുപ്പ് പരിധി ഉയർത്തുന്നതിനെക്കുറിച്ച് ഇനി ആലോചിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അടിയന്തരമായി നടപ്പാക്കി തുടങ്ങാനാണ് കേന്ദ്രസർക്കാർ തീരുമാനം. നികുതി പിരിവ് കാര്യക്ഷമമാക്കിയാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ ആകുമെന്നത് കൂടിയാണ് ഫലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. നിലപാട് വ്യക്തമാക്കി കേന്ദ്ര ധനകാര്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് ഇതിനകം കത്ത് കൈമാറി കഴിഞ്ഞു.

അതേസമയം, വായ്പാ പരിധി കുറച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കിൽ പെടുത്തരുതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രിക്കയച്ച് കത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൂടുമെന്നും കേരളം കത്തിൽ പറയുന്നു.

കേന്ദ്രത്തിന്റെ നിലപാട് മാറ്റാൻ മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുകയാണ് കേരളത്തിന്റെ നിലവിലെ തീരുമാനം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 14000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് കേന്ദ്രം കുറവ് വരുത്തിയത്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് നടപടിയെന്നും കേരളമയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

14,000 കോടിയിൽ 9000 കോടി ഇതിനകം തിരിച്ചടച്ചതായി ധനവകുപ്പ് നേരത്തെ വ്യക്തമാക്കിയത്. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേത്. കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

Story Highlights: Credit limit regulation states update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here