മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസ്; വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സർക്കാർ

മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സർക്കാർ. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല, അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നും ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. (antony raju case government)
ക്രിമിനൽ കേസുകളിൽ സ്വകാര്യഹർജികൾ പരിഗണിക്കരുതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. ഇരകൾക്കും പ്രതികൾക്കുമാണ് ഇത്തരം കേസുകളിൽ ഹർജി നൽകാൻ സാധിക്കുകയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പല കേസുകളിലും മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ടന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത് പോലെ അനേകം കേസുകൾ വരും എന്ന് പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചു.
Read Also: എകെജി സെൻ്ററിൽ നടന്നത് ഭീകരാക്രമണം; മന്ത്രി ആൻ്റണി രാജു
ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രിംകോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി തുടർന്ന് പരിഗണിക്കണമോയെന്ന് തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.
16 വർഷം പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആൻ്റണി രാജു കോടതിയിൽ ഹാജരായില്ല. കുറ്റപത്രത്തിൻ്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് 24നു ലഭിച്ചു. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് ആരോപണം. ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
28 വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാൽ ഒരു തവണ പോലും ആൻ്റണി രാജു ഹാജരായില്ല.
തൊണ്ടിമുതൽ മോഷണക്കേസിൽ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. കോടതികളിൽ ഹാജരാകുന്നതിന് നിയമസഭാ സാമാജികർക്ക് ഇളവുണ്ട്. തനിക്ക് പകരം അഭിഭാഷകൻ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ആന്റണി രാജു ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: antony raju case state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here